‘എംവി ഗോവിന്ദന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട’; തന്‍റേടമുണ്ടെങ്കല്‍ മോദി ദാസനായി മാറിയ പിണറായി വിജയനെ തിരുത്തണമെന്ന് എ.പി അനില്‍കുമാര്‍ എംഎല്‍എ

Jaihind News Bureau
Saturday, November 15, 2025

ബിഹാറില്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ പേരിന് പോലും തിരിഞ്ഞുനോക്കാത്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് സംഘടനാ പ്രവര്‍ത്തനം നടത്താനെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ.

ഇന്ത്യാ സഖ്യത്തിന് വേണ്ടി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബീഹാറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ സിപിഎമ്മിന്റെ നേതാക്കള്‍ ബിജെപിയെ സന്തോഷിപ്പിക്കാന്‍ ഒപ്പിട്ട പിഎം ശ്രീ പദ്ധതിയുടെ പേരിലുള്ള രാഷ്ട്രീയ നാടകം ആടിത്തീര്‍ക്കുകയായിരുന്നു. അതില്‍ മധ്യസ്ഥന്റെ റോളിലായിരുന്നു സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍ കേരളത്തില്‍ തന്നെയായിരുന്നു. ഇന്ത്യാ സഖ്യത്തിന് വേണ്ടിയോ, ബിജെപിക്കെതിരായോ പ്രചരണത്തിന് ഇറങ്ങാത്ത കേരളത്തിലെ സിപിഎം നേതാക്കളാണ് കെസി വേണുഗോപാലിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിക്കുന്നത്.

വോട്ട് ചോരിയും എസ് ഐ ആറും മറയാക്കി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയ ക്രമക്കേടുകളെ വെള്ളപൂശാന്‍ വേണ്ടിക്കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കെസി വേണുഗോപാലിനെതിരായ അധിക്ഷേപം.മറ്റുള്ള നേതാക്കളെ വിമര്‍ശിക്കുന്നതിന് മുന്‍പ് മോദി ദാസനായി മാറിയ പിണറായി വിജയനെ തിരുത്താനുള്ള തന്റേടമാണ് എംവി ഗോവിന്ദന്‍ ആദ്യം കാട്ടേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും സംയുക്തമായി നേടിയ വിജയത്തെ കേരളത്തിലെ സിപിഎം നേതാക്കള്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ ആഘോഷിക്കുകയാണെന്നും എപി അനില്‍കുമാര്‍ വിമര്‍ശിച്ചു.