SUNNY JOSEPH MLA| ‘സിപിഎം സെക്രട്ടറിക്ക് ബിജെപിയുടെ വിജയം ആഘോഷിക്കുന്ന മനോഭാവം’; സിപിഎമ്മിന് രാഷ്ട്രീയ തിമിരമെന്നും സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Saturday, November 15, 2025

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന മനോഭാവമാണ് സിപിഎമ്മിനെന്നും അതിനാലാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ തിരഞ്ഞുപിടിച്ച് എംവി ഗോവിന്ദന്‍ വിമര്‍ശിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

കോണ്‍ഗ്രസ് ബീഹാറില്‍ ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. എന്നാല്‍ ഇവിടെ പ്രചരണത്തിന് സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതേയില്ല. അതിലൊന്നും എംവി ഗോവിന്ദന് വിഷമമില്ല. കേരളത്തിന് പുറത്ത് ബിജെപിക്കെതിരെ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിനും ഇറങ്ങാത്ത ഇന്ത്യസഖ്യത്തിലെ മുഖ്യമന്ത്രിയും പിണറായി വിജയനാണ്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭൂരിപക്ഷ സമയവും സിപിഎം ദേശീയ സെക്രട്ടറിയും കേരളത്തിലായിരുന്നു. ബീഹാറില്‍ സിപിഎം സ്ഥാനാര്‍ത്ഥി മത്സരിച്ച മണ്ഡലങ്ങളില്‍ പോലും പ്രചരണത്തിന് പോകാത്ത കേരളത്തിലെ സിപിഎം നേതൃത്വത്തിന് വിമര്‍ശനം ഉന്നയിക്കാന്‍ യോഗ്യതയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടെ എംപി കൂടിയായ കെസി വേണുഗോപാല്‍ സ്വന്തം മണ്ഡലമായ ആലപ്പുഴയിലെത്തിയത് വലിയ അപരാധമായിട്ടാണ് എംവി ഗോവിന്ദന്‍ കാണുന്നത്. കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും ഉത്തരവാദിത്വമുള്ള നേതാവെന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും കെസി വേണുഗോപാല്‍ തന്റെ കടമ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ബിജെപിയുമായി നിരന്തരം സന്ധിചെയ്ത് ഒത്തുതീര്‍പ്പ് നടത്തുന്ന സിപിഎമ്മിനും സെക്രട്ടറി ഗോവിന്ദനും അത് തിരിച്ചറിയാന്‍ കഴിയാത്ത് അവരെ ബാധിച്ച രാഷ്ട്രീയ തിമിരം കൊണ്ടാണ്. കെ സി വേണുഗോപാലിന്റെ കേരളത്തിലെ സാന്നിധ്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് തലവേദന ഉണ്ടാക്കുന്നുയെന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

പ്രതിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വോട്ട് ചോരിയും എസ് ഐആറും തിരഞ്ഞെടുപ്പ് പ്രക്രിയയെ എപ്രകാരം സ്വാധീനിച്ചെന്ന് പരിശോധിക്കുന്നതിന് പകരം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് മാത്രമാണ് കേരളത്തിലെ സിപിഎമ്മിന്റെ മുന്‍ഗണന. വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ മതനിരപേക്ഷത എന്ന് വാക്ക് ഉച്ചരിക്കാന്‍ സിപിഎമ്മിന് ഒരു യോഗ്യതയുമില്ല. വര്‍ഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും സമരസരപ്പെടുന്നവരാണ് സിപിഎമ്മുകാരെന്നും സണ്ണി ജോസഫ് പറഞ്ഞു.