
റിയാദ് : മിനിറ്റുകള്‍ക്കുള്ളില്‍ ടൂറിസ്റ്റ് വിസ ഓണ്‍ലൈനായി അനുവദിക്കുന്ന ആഗോള സംരംഭത്തിന് സൗദി അറേബ്യ തുടക്കമിട്ടു. റിയാദില്‍ നടന്ന യു.എന്‍ ഗ്ലോബല്‍ ടൂറിസ്റ്റ് ഫോറത്തോട് അനുബന്ധിച്ചാണ് പുതിയ സംരംഭം ആരംഭിച്ചത്. ‘വിസ ബൈ പ്രൊഫൈല്‍’ എന്ന പേരിലുള്ള സംവിധാനം 2026 ല്‍ ആരംഭിക്കും. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് സൗദി അധികൃതര്‍ പറഞ്ഞു.
യോഗ്യരായ യാത്രക്കാര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ടൂറിസ്റ്റ് വിസകള്‍ ഓണ്‍ലൈനായി വിതരണം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സൗദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ‘വിസ’ ക്രെഡിറ്റ് കാര്‍ഡ് ഉടമകളാണ് തുടക്കത്തില്‍ ഈ സംരംഭത്തിന്റെ പരിധിയില്‍ വരുക. ഇവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ടൂറിസ്റ്റ് വിസ ലഭിക്കും. ഇതിനായി പാസ്പോര്‍ട്ട്, വിസ കാര്‍ഡിന്റെ വിശദാംശങ്ങള്‍ എന്നിവ ഉപയോഗിച്ച് വിസ പ്രോസസിങ് നടപടി പൂര്‍ത്തിയാക്കാം.