
കരിക്കകം: കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ശ്രീ ബിജു കാരക്കോണം നടത്തുന്ന ‘പ്രകൃതി തന്നെ ലഹരി’ എന്ന ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമാകുന്നു. നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് കരിക്കകം ശ്രീ ചാമുണ്ഡി വിദ്യാ പീഠത്തില്‍ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനം പുതിയൊരു ലഹരി വിരുദ്ധ പാഠം നല്‍കി.
പ്രകൃതി എന്ന ലഹരിയുടെ സന്ദേശം വന്യജീവികളുടെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങളിലൂടെ, പ്രകൃതിയുടെ സൗന്ദര്യമാണ് മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും ഉദാത്തമായ ലഹരി എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ബിജു കാരക്കോണം. മാരകമായ രാസ ലഹരി പദാര്‍ത്ഥങ്ങളിലേക്ക് കുട്ടികള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍, അവരെ പ്രകൃതിയുടെ അത്ഭുതലോകത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. പ്രകൃതിയെ സ്‌നേഹിക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്യുന്ന ഒരു തലമുറ ഒരിക്കലും വിഷമയമായ ലഹരികളുടെ കെണിയില്‍ വീഴില്ല എന്ന ശക്തമായ സന്ദേശമാണ് പ്രദര്‍ശനം നല്‍കുന്നത്.

ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ മെമ്പര്‍ അഡ്വക്കേറ്റ് മേരി ജോണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ നല്ല ശീലങ്ങളിലേക്ക് നയിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടികാട്ടി. ചടങ്ങില്‍ എം. രാധാകൃഷ്ണന്‍ നായര്‍, കരിക്കകം ക്ഷേത്രം പ്രസിഡന്റ് ശ്രീ കെ. പ്രതാപചന്ദ്രന്‍, ട്രഷറര്‍ ഗോപകുമാരന്‍ നായര്‍, എഡ്യൂക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോക്ടര്‍ ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കരിക്കകം ചാമുണ്ഡി ടെമ്പിള്‍ ട്രസ്റ്റ് അംഗങ്ങളായ ശ്രീകണ്ഠന്‍ നായര്‍, വിക്രമന്‍ നായര്‍, രാജേന്ദ്രന്‍ നായര്‍, സുകുമാരന്‍ നായര്‍, ഭാര്‍ഗവാന്‍ നായര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ചിത്രങ്ങളിലെ വര്‍ണ്ണങ്ങളും വന്യജീവികളുടെ ഭംഗിയും കുട്ടികളെ ഏറെ ആകര്‍ഷിക്കുകയും, പ്രകൃതിയോടുള്ള താല്‍പ്പര്യം അവരില്‍ വളര്‍ത്തുകയും ചെയ്യുന്നതാണ് ബിജു കാരക്കോണത്തിന്റെ ഈ ഉദ്യമം. ലഹരി വിരുദ്ധ ബോധവല്‍ക്കരണ രംഗത്ത് വ്യത്യസ്തമായ ഒരു സമീപനമാണ് ഈ ഫോട്ടോ പ്രദര്‍ശനം.