
കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന് ടെംബാ ബാവുമക്കെതിരെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശം വിവാദത്തില്‍. സ്റ്റംപ് മൈക്കിലൂടെ പുറത്തുവന്ന സംഭാഷണങ്ങള്‍ക്കെതിരെ ആരാധകര്‍ക്കിടയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ റിയാന്‍ റിക്കിള്ടണിനെയും ഏയ്ഡന്‍ മാര്‍ക്രമിനെയും പുറത്താക്കി ബുമ്ര ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്കി. ഇതിന് പിന്നാലെ ക്രീസിലെത്തിയ നായകന് ടെംബാ ബാവുമയെ ബുമ്ര എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കിയെങ്കിലും അമ്പയര്‍ ഔട്ട് നിഷേധിച്ചു.
ഡി.ആര്.എസ് എടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബുമ്ര, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരടക്കമുള്ള താരങ്ങള്‍ വിക്കറ്റിന് അടുത്ത് കൂടിയപ്പോഴാണ് വിവാദമായ സംഭാഷണം പുറത്തുവന്നത്. റിവ്യൂ എടുക്കാനുള്ള ബുമ്രയുടെ ആവശ്യത്തോട് ഋഷഭ് പന്ത് ‘ഹൈറ്റ് കൂടുതലാണ്’ എന്ന് പറഞ്ഞ് വിയോജിച്ചു. ഇതിന് മറുപടിയായി, ബാവുമ ‘കുള്ളനായതുകൊണ്ട്’ ഉയരം പ്രശ്നമാകില്ലെന്ന് ബുമ്ര ഹിന്ദിയില്‍ പറയുകയായിരുന്നു. ഇത് കേട്ട് മറ്റ് താരങ്ങള്‍ ചിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിരുന്നാലും, പന്തിന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ റിവ്യൂ എടുക്കാതെ ബുമ്ര ബൗളിംഗ് എന്‍ഡിലേക്ക് മടങ്ങി.
ബാവുമയുടെ ഉയരത്തെ പരിഹസിച്ചുകൊണ്ടുള്ള ബുമ്രയുടെ ഈ പരാമര്‍ശം കായികതാരങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും കളിക്കളത്തില്‍ ബോഡി ഷെയ്മിംഗ് നടത്തുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ത്തി. അതേസമയം, 3 റണ്‍സെടുത്ത ബാവുമയെ പിന്നീട് കുല്‍ദീപ് യാദവിന്റെ പന്തില്‍ ധ്രുവ് ജുറെല്‍ ക്യാച്ചെടുത്ത് പുറത്താക്കി.