
ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നിര്‍ണായകമാവുക രണ്ട് നേതാക്കളുടെ രാഷ്ട്രീയ ഭാവിയാണ്. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ആര്‍ജെഡി നേതാവായ തേജസ്വി യാദവിന്റെയും. യുവത്വത്തിന്റെ വീര്യവും, നവീനാശയങ്ങളും, പ്രവര്‍ത്തനശൈലിയുമായി തേജസ്വി ഉദിച്ചുയരുമ്പോള്‍, രാഷ്ട്രീയ മലക്കം മറിച്ചിലിന് പേര് കേട്ട നിതീഷ് കുമാറാണ് മറുവശത്ത്. തേജസ്വി യാദവിനെ ബിഹാര്‍ ജനത കൈനീട്ടി സ്വീകരിക്കുമ്പോള്‍, തങ്ങളെ ദുരിതത്തിലാക്കിയ നിതീഷ് കുമാറിനോട് ജനത്തിന് അടങ്ങാത്ത പകയും ഉണ്ട്.
2010-ല്‍ രാഷ്ട്രീയ ജനതാ ദളിനുവേണ്ടി പ്രചാരണത്തിനിറങ്ങിക്കൊണ്ടാണ് തേജസ്വി യാദവ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. പ്രചാരണതന്ത്രങ്ങളില്‍ നവീനമായ പാതകള്‍ സ്വീകരിക്കാനും ഡിജിറ്റല്‍ മേഖലകളെക്കൂടി ഉപയോഗിക്കാനും തേജസ്വി ശ്രമിച്ചു. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി ആര്‍ജെഡി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ തേജസ്വി യാദവിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഏറ്റവും വ്യക്തമായ രൂപം തെളിയുകയായിരുന്നു. ഇത് തേജസ്വിയെ ബിഹാറിലെ ഉപമുഖ്യമന്ത്രിയാക്കി. പൊതുമരാമത്ത്, വനം, പരിസ്ഥിതി തുടങ്ങിയ പ്രധാന വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു. 2019-ലെ വെള്ളപ്പൊക്ക സമയത്ത് നിരന്തരം ദുരിതാശ്വാസ പ്രവര്ത്തനങ്ങളിലിടപെട്ടതും തേജസ്വിയുടെ ജനപിന്തുണ വര്‍ധിപ്പിച്ചു.
ഇത്തവണ തൊഴിലില്ലായ്മ, കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തേജസ്വി യാദവ് ആയുധങ്ങളാക്കിയിട്ടുണ്ട്. കൂടാതെ, നിതീഷിനെ കടന്നാക്രമിക്കാന്‍ കിട്ടിയപ്പോഴെല്ലാം അതും ചെയ്തു. ശക്തമായ പ്രചാരണങ്ങളുമായി തന്നെയാണ് ആത്മവിശ്വാസത്തോടെ തേജസ്വി യാദവ് പ്രചാരണവേളയിലെല്ലാം മുന്നോട്ട് പോയതും. ഇത്തവണ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമൊത്തുള്ള തേജസ്വിയുടെ പ്രചരണം ലോകം കണ്ടത് ഏറെ ആവേശത്തോടെയായിരുന്നു. തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ തോല്‍വിയില്‍ തളരാതെ യുവത്വത്തിന്റെ വീര്യവും, നവീന ആശയങ്ങളും, പ്രവര്‍ത്തനശൈലിയുമായി ജനങ്ങളിലേക്കിറങ്ങാന്‍ തേജസ്വി യാദവിന് കഴിഞ്ഞാല്‍ ബിഹാര്‍ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ നേതാവായി മാറാന്‍ അദ്ദേഹത്തിന് കഴിയുമെന്നതില്‍ സംശയമില്ല.
മറുവശത്തു നിതീഷ് കുമാര്‍ ആണ് എതിരാളി. നിതീഷ് കുമാറിന്റെ ആരോഗ്യസ്ഥിതിയും രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സ്ഥിരതയില്ലാത്ത നിലപാടുകളും മുന്നണിയെ ആശങ്കയിലാക്കുന്നു. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് വരെ പ്രവചിച്ചിട്ടുണ്ട്. നിലവില്‍ ജെഡിയുവും ബിജെപിയും സഖ്യമായി ഭരണം നടത്തുന്നുണ്ടെങ്കിലും, നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിതീഷ് കുമാര്‍ തന്റെ രാഷ്ട്രീയപരമായ മലക്കം മറിച്ചിലുകള്‍ക്ക് പേരുകേട്ടയാളാണ് എന്നതും ശ്രദ്ധേയമാണ്.
സമീപകാലത്ത് വിവാദമായ വഖഫ് നിയമ ഭേദഗതിയെ ജനതാദള്‍ (യുണൈറ്റഡ്) പിന്തുണച്ചതോടെ, പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. അഞ്ച് മുസ്ലിം നേതാക്കള്‍ രാജിവെച്ചത് നിതീഷ് കുമാറിന് വലിയ തിരിച്ചടിയായി. ഏറ്റവും ഒടുവില്‍ നിതീഷ് കുമാര്‍ ബിജെപിയുടെ പാവയാണ് എന്ന് കോണ്‍ഗ്രസ് തുറന്നടിച്ചതോടെ നിതീഷിന്റെ നില പരുങ്ങലിലായി. എന്‍ഡിഎ-ഇന്ത്യ സഖ്യം പോരാട്ടം ആണെങ്കിലും, ബിഹാറില്‍ നിതീഷ് കുമാര്‍ വേഴ്സസ് തേജസ്വി യാദവ് പോരാട്ടം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. രണ്ട് നേതാക്കളുടെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ ഫലം ഏറെ നിര്‍ണായകവുമാണ്.