
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദേശീപതായെ കൊലക്കളമാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.അശാസ്ത്രീയമായ രീതിയിലാണ് കേരളത്തില്‍ പലയിടത്തും ദേശീയപാത നിര്‍മ്മാണം നടക്കുന്നത്.ഈ സംവിധാനം ആളുകളെ കൊല്ലുന്ന ഒന്നായി മാറരുതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ഫോണില്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
നിര്‍മ്മാണം നടക്കുന്ന അരൂര്‍ തുറവൂര്‍ മാത്രം നാല്‍പ്പതോളം പേരാണ് മരിച്ചത്.സര്‍വീസ് റോഡിന്റെ ശോചനീയാവസ്ഥയാണ് അപകട കാരണം.എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത പാലിക്കുന്നത് അംഗീകരിക്കാനാവില്ല. ഗര്‍ഡറുകള്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിക്കാനിടായ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെസി വേണുഗോപാല്‍ നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു.
വലിയ ഭാരമുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന അതിദുഷ്കരമായ പണി നടക്കുന്നിടത്ത്, ഗതാഗതം അനുവദിച്ചത് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. ദേശീയപാത അതോറിറ്റിയുടെ ഈ നിരുത്തരവാദപരമായ സമീപനം നിരന്തരമായിട്ടുള്ള വീഴ്ചയായി മാറി.
അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് നടപടി സ്വീകരിക്കാമെന്ന ഉറപ്പ് നിതിന്‍ ഗഡ്കരി നല്‍കിയിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. ദേശീയപാത അതോറിറ്റി ചെയർമാൻ്റെ നിർദ്ദേശപ്രകാരം എൻഎച്ച് എഐ അംഗം വെങ്കിട്ടരെമണ കെസി വേണുഗോപാൽ എംപിയെ സന്ദർശിച്ചു. എംപിയുടെ ആവശ്യപ്രകാരം 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നൽകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നവംബർ 14 ന് അപകട സ്ഥലം സന്ദർശിക്കുമെന്നും എംപിയെ അറിയിച്ചു.
ആലപ്പുഴയില്‍ മുമ്പ് ഗര്‍ഡറുകള്‍ തകര്‍ന്നുപോയ സംഭവമുണ്ടായിട്ടും ഒരു നടപടിയും ഉണ്ടായില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എങ്ങനെയെങ്കിലും പണി തീര്‍ക്കാനുള്ള തിടുക്കമാണ് അപകടങ്ങള്‍ ഇടയാക്കുന്നത്.സര്‍വീസ് റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കുറ്റക്കാരാണ്. ഇവയുടെ പണികള്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കാന്‍ ഒരു വര്‍ഷം മുന്നെ എന്‍എച്ച്എഐ 8 കോടി രൂപ നല്‍കിയിട്ട് ഒന്നും ചെയ്തില്ല. ഇരുവശത്തേക്കുമുള്ള സര്‍വീസ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയാല്‍ ഗതാഗതം കൂടതല്‍ മെച്ചപ്പെടുത്താം. ഇതൊന്നും ചെയ്തിട്ടില്ല. അപകടകരമായ സാഹചര്യത്തില്‍ ഉയരപ്പാത നിര്‍മ്മാണം നടക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സൈന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം പോലും നടപ്പാക്കിയില്ല. എന്താണ് ഇവരുടെ മുന്‍ഗണനയെന്ന് മനസിലാകുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ദേശീയപാത നിര്‍മ്മാണം നടക്കുന്നതിടത്ത് സുരക്ഷാ ക്രമീകരണം നടത്തേണ്ട പോലീസോ സംസ്ഥാന സര്‍ക്കാരോ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാത്ത സമീപനം തിരുത്തണമെന്ന് ദേശീയപാത അതോറിറ്റിയോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടതാണ്. നിരവധി തവണ കത്തുകള്‍ നല്കി. അപകടസാധ്യത പലതവണ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിട്ടുണ്ട്. അരൂര്‍ -തുറവൂര്‍ ഭാഗത്തെ സുരക്ഷാപ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ നിരവധി തവണയാണ് ആലപ്പുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. പബ്ലിക്ക് അക്കൗണ്ടസ് കമ്മിറ്റി നേരിട്ട് ഇവിടെത്തെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നുവെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഗര്‍ഡറുകള്‍ തകര്‍ന്ന് വീണ സംഭവത്തില്‍ അതിന് ഉത്തരവാദികളായ
നിര്‍മ്മാണ കമ്പനിക്കും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അപകട സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണത്തിലേയും സുരക്ഷ ഉറപ്പാക്കുന്നതിലേയും അപാകതകള്‍ മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്ക് കത്തുനല്‍കി. സുരക്ഷിതമായ സഞ്ചാരപാത ഒരുക്കുന്നതില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അലംഭാവം കാട്ടിയത് ക്രമിനല്‍ വീഴ്ചയായിട്ട് കാണണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് നല്കിയ കത്തില്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.