
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ നിര്‍മ്മാണത്തിന്റെ ഇരയാണ് ഗര്‍ഡര്‍ പിക്കപ്പ് വാനിന് മുകളില്‍ വീണ് മരിച്ച ഡ്രൈവറെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. ദേശീയപാത നിര്‍മ്മാണം നടക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെളിച്ചമില്ലാതെ നടത്തിയ മണ്ണു മൂടല്‍ കാരണമാണ് കഴിഞ്ഞ ദിവസം ഒരു മനുഷ്യജീവന് നഷ്ടമായതെന്ന് അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗതയ്ക്കിരയായി ഓരോ ദിവസവും മനുഷ്യജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ പൂര്‍ത്തിയാക്കുന്ന ദേശീയപാതകള്‍, ഭാവിയില്‍ മനുഷ്യ ജീവനുകളുടെ കൂട്ടക്കുരുതിക്കുള്ള ഇടങ്ങളായി മാറുമെന്ന ഭയാനകമായ യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ദേശീയപാതാ നിര്‍മ്മാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ ‘റീലിട്ടു നടക്കുന്ന’ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ നിശബ്ദത പ്രതിഷേധാര്‍ഹമാണെന്ന് എ.പി. അനില്‍കുമാര്‍ പറഞ്ഞു.
കൂടാതെ, മനുഷ്യജീവന്‍ വച്ചുള്ള കളിയിലും സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും അന്തര്‍ധാര സജീവമാണ് എന്നതിന്റെ തെളിവാണ് സംസ്ഥാന സര്‍ക്കാരിന്റെ നിശബ്ദതയും നിസ്സംഗതയുമെന്നും അദ്ദേഹം ആരോപിച്ചു. ദേശീയപാതാ നിര്‍മ്മാണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഓഡിറ്റിംഗിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എ.പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.