
അരൂരില്‍ ഗര്‍ഡര്‍ വീണ് മരിച്ച രാജേഷിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. പള്ളിപ്പാടുള്ള രാജേഷിന്റെ വീട്ടുവളപ്പില്‍ ആണ് സംസ്‌ക്കാരം. കരാര്‍ കമ്പനി രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പു പറഞ്ഞതോടെയാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തത്. CMDRF ല്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും നല്‍കും.
ഭാര്യയും രണ്ട് മക്കളും വയസായ മാതാപിതാക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് പാതി വഴിയില്‍ പൊലിഞ്ഞു പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ആണ് തമിഴ്‌നാട്ടിലേക്ക് മുട്ട എടുക്കാന്‍ പിക്കപ്പ് വാഹനവുമായി രാജേഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇന്നലെ രാത്രി 10 മണിക്ക് അച്ഛന്‍ രാജപ്പനുമായി ഫോണില്‍ സംസാരിച്ചു. ഭക്ഷണം കഴിച്ചതൊക്ക സംസാരിച്ച ശേഷം അങ്കമാലി എത്തി എന്നും പെട്ടന്ന് വീട്ടില്‍ എത്തുമെന്നും പറഞ്ഞിരുന്നു.
രാജേഷിന്റെ ഇളയ മകള്‍ പ്രമേഹ രോഗിയാണ്. ജോലി തിരക്കിനിടയിലും മകളുടെ ചികിത്സക്കായി ആശുപത്രിയില്‍ കൊണ്ടുപോകുന്നതും രാജേഷ് തന്നെ. ബാക്കി കിട്ടുന്ന സമയം ഓട്ടോ ഓടിച്ചും വരുമാനം കണ്ടെത്തും. അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ മക്കളായ വിഷ്ണുവിനും വേണിക്കും തീരാ വേദനയിലാണ്. നഷ്ടപരിഹാരത്തിനു പുറമേ രാജേഷിന്റെ മകന്‍ വിഷ്ണുവിന് ജോലി നല്‍കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് രമേശ് ചെന്നിത്തല എംഎല്‍ എ അറിയിച്ചു.