
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് ഭീമനായ ജെപി ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ (JIL) മാനേജിംഗ് ഡയറക്ടര്‍ മനോജ് ഗൗറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. വീടിനായി പണം നല്കി കാത്തിരുന്ന ആയിരക്കണക്കിന് ഉപഭോക്താക്കളെ വഞ്ചിച്ച്, അവരുടെ പണം വകമാറ്റി ചെലവഴിച്ചു എന്ന കേസിലാണ് അറസ്റ്റ്. 12,000 കോടി രൂപയുടെ തട്ടിപ്പാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൗറിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളായ ജെപി ഇന്‍ഫ്രാടെക്, ജയ്പ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡ് (JAL) എന്നിവയുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി, മുംബൈ, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളില് 1.7 കോടി രൂപയും സാമ്പത്തിക രേഖകള്‍, ഡിജിറ്റല്‍ വിവരങ്ങള്‍, പ്രൊമോട്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത വസ്തു രേഖകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (NCLT) ഐഡിബിഐ ബാങ്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസിന്റെ തുടക്കം. 526 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ JIL പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. 2017 ഓഗസ്റ്റ് 9-ന് ആരംഭിച്ച ഇന്‍സോള്‍വന്‍സി നടപടികള്‍ 21,000-ത്തിലധികം ഭവനവാങ്ങലുകാരെയാണ് പ്രതിസന്ധിയിലാക്കിയത്. നോയിഡയിലെ വിഷ് ടൗണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഫ്ലാറ്റുകള്‍ ബുക്ക് ചെയ്ത പലര്‍ക്കും വീട് നല്‍കാനായില്ല. നിര്‍മ്മാണത്തിനായുള്ള പണം വകമാറ്റി ചെലവഴിച്ചതിനെത്തുടര്‍ന്ന് വര്‍ഷങ്ങളോളം ഇവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. ഈ വിഷയം ദേശീയ ശ്രദ്ധ നേടുകയും സുപ്രീം കോടതിയുടെ ഇടപെടലിലേക്ക് നയിക്കുകയും ചെയ്തു. ഇത് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി നിയമങ്ങളില്‍ പോലും ഭേദഗതി വരുത്താന്‍ കാരണമായി. ഭവനം ബുക്ക് ചെയ്തവരെ സാമ്പത്തിക കടക്കാരായി അംഗീകരിക്കുകയും ചെയ്തു.