ശമ്പള കുടിശികയില്‍ തീരുമാനമായില്ല; സംസ്ഥാനത്ത് ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു പണിമുടക്കും

Jaihind News Bureau
Thursday, November 13, 2025

സംസ്ഥാനത്ത് ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ചു പണിമുടക്കുകയാണ്. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. കെജിഎംസിടിഎ അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രി വീണാ ജോര്‍ജുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. 21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കുമെന്ന് സംഘടന അറിയിച്ചു. രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗവും നടത്തും. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദ് നിര്‍വഹിക്കും.