
അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ മേഖലയില്‍ ഗര്‍ഡര്‍ അപകടത്തില്‍ വാന്‍ ഡ്രൈവറായ ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് മരിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീഴുകയായിരുന്നു. മുട്ട കയറ്റിക്കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗര്‍ഡറുകള്‍ പതിച്ചത്. അപകടത്തില്‍ രണ്ട് ഗര്‍ഡറുകളാണ് വീണത്. ഒന്ന് പൂര്‍ണ്ണമായും മറ്റൊന്ന് ഭാഗികമായുമാണ് വാഹനത്തിന് മുകളിലേക്ക് പതിച്ചത്. പിക്കപ്പ് വാന്‍ ഗര്‍ഡറിനടിയില്‍ കുടുങ്ങിയ നിലയിലാണ്. മൂന്ന് മണിക്കൂറിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്.
സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ പ്രവേശനമില്ല. ഈ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്. ചേര്‍ത്തല എക്‌സറേ ജംഗ്ഷനില്‍ നിന്ന് പൂച്ചാക്കല്‍ വഴിയാണ് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്. അതേസമയം, ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അരൂക്കുറ്റി വഴി തിരിഞ്ഞുപോകേണ്ടതാണ്.