K.C VENUGOPAL MP| ചെങ്കോട്ട സ്‌ഫോടനം: ‘ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണം’; കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Thursday, November 13, 2025

ചെങ്കോട്ട സ്‌ഫോടനത്തിന്റെ ഉത്തതരവാദിത്തം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നും അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ വീഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. അന്ന് പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ഇന്ന്, അമിത് ഷായ്ക്ക് അല്‍പമെങ്കിലും ഉത്തരവാദിത്തബോധമുണ്ടെങ്കില്‍ അതേ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആഭ്യന്തര സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് പാര്‍ലമെന്റിനെ ഷാ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘നമ്മുടെ ആഭ്യന്തരമന്ത്രി എപ്പോഴും കലാപങ്ങളോ സ്‌ഫോടനങ്ങളോ ഇല്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്. ഇപ്പോള്‍, അദ്ദേഹത്തിന്റെ മൂക്കിന് താഴെ, ഓഫീസിനോട് വളരെ അടുത്ത്, ഈ സ്‌ഫോടനം സംഭവിച്ചിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം പൊതുജനങ്ങളോട് വെളിപ്പെടുത്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.