
എന്‍ഡിഎ ഭരണത്തിലൂടെ ബിഹാര്‍ ജനത അനുഭവിച്ച കടുത്ത ദാരിദ്ര്യത്തിന് ജനം ഇന്ത്യ സഖ്യത്തിന് അനുകൂലമായി വിധിയെഴുതുമെന്ന് ജേണോ മിറര്‍ എക്‌സിറ്റ് പോള്‍ ഫലം. 130 മുതല്‍ 140 സീറ്റ് വരെ ഇന്ത്യ സഖ്യം നേടുമെന്നാണ് പ്രവചനം. എന്‍ഡിഎ കേവലം 100 മുതല്‍ 110 സീറ്റില്‍ ഒതുങ്ങുമെന്നും പ്രവചനം വ്യക്തമാക്കുന്നു.
ബിഹാറില്‍ ആര് വാഴും ആര് വീഴും എന്നതിന് അപ്പുറത്തേക്ക് ബിഹാറിന്റെ മനസ് എന്താണ് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മുന്നണികളുടെ ചങ്കിടിപ്പും കൂടുകയാണ്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബിഹാര്‍ ജനത ആരെ തുണയ്ക്കും എന്നതിന് കൂട്ടിയും കിഴിച്ചും മുന്നണികളും സജീവമായി ഉണ്ട്. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും എന്‍ഡിഎയ്ക്ക് നേരിയ മുന്‍ തൂക്കം പ്രവചിക്കുമ്പോള്‍ ജേണോ മിറര്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. തേജസ്വി യാദവ് രാഹുല്‍ ഗാന്ധി കൂട്ട് കെട്ട് 130 മുതല്‍ 140 സീറ്റ് വരെ ഇന്ത്യ സഖ്യം നേടുമെന്നാണ് പ്രവചനം.
എന്‍ഡിഎ സഖ്യം 100 മുതല്‍ 110 വരെ സീറ്റ് മാത്രമേ നേടൂവെന്നും ഫലം പറയുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം 4 സീറ്റ് വരെ നേടുമെന്നും മറ്റുള്ളവര്‍ പരമാവധി 3 സീറ്റ് നേടുമെന്നുമാണ് ഇവരുടെ പ്രവചനം. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നും പ്രവചിക്കുന്നു. ചില എക്‌സിറ്റ് പോളുകള്‍ ജന്‍ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് പൂജ്യം സീറ്റ് മാത്രമാണ് നല്‍കുന്നത്. ഏതായാലും ബിഹാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതിനുള്ള ഉത്തരത്തിനായി നാളെ വരെ കാത്തിരുന്നേ മതിയാകൂ.