
ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നവം 17 (വൃശ്ചികം 1) കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്യോതി തെളിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദേവസ്വം മന്ത്രി രാജിവയ്ക്കുന്നതുവരെയും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെയും കോണ്‍ഗ്രസ് സമര പാതയിലായിരിക്കും. 2019 മുതല്‍ 2025 വരെയുള്ള എല്ലാ ബോര്‍ഡുകളും അക്കാലത്തെ മന്ത്രിമാരും സ്വര്‍ണക്കൊള്ളയില്‍ പങ്കാളികളാണ്. സ്വര്‍ണക്കൊള്ളയിലെ റിമാന്‍ഡ് റിപ്പോര്‍ട്ടും കോടതി ഉത്തരവും മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം വീണ്ടെടുക്കാനോ, എത്രയാണ് നഷ്ടപ്പെട്ടതെന്നോ കണ്ടെത്തിയിട്ടില്ല. ശബരിമലയില്‍ സ്വത്ത് മാത്രമല്ല നഷ്ടപ്പെട്ടത് മറിച്ച് ആചാരാനുഷ്ഠാനങ്ങള്‍ക്കേറ്റ കളങ്കം കൂടിയാണിത്. സിപിഎമ്മില്‍ യോഗ്യതയുള്ളവര്‍ ആരും ഇല്ലാത്തതിനാലാണ് കെ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
എസ്ഐആറിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും പ്രവര്‍ത്തങ്ങള്‍ ഒരേ സമയം നടത്തുന്നത് തികച്ചും അപ്രായോഗികമാണ്. കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുന്നില്ലെങ്കിലും ബുദ്ധിമുട്ടുകള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും വോട്ടര്‍ പട്ടികയുടെ തീവപരിശോധന നിര്‍ത്തിവയ്ക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ എന്നിവരും പത്രസമ്മേളത്തില്‍ പങ്കെടുത്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനുശേഷം കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗവും രാഷ്ട്രീയകാര്യസമിതിയും ചേര്‍ന്നു.