
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സി.പി.എമ്മില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിക്കപ്പെട്ടതോടെ വിമത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രണ്ട് പ്രമുഖ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. ഇത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
നഗരസഭയിലെ ചെമ്പഴന്തി, വാഴോട്ടുകോണം വാര്‍ഡുകളിലാണ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വിമത നീക്കങ്ങള്‍ ശക്തമായിരിക്കുന്നത്. ഇതിനുപുറമെ ഉള്ളൂര്‍ വാര്‍ഡിലും പാര്‍ട്ടി അംഗം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചെമ്പഴന്തി വാര്‍ഡില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആനി അശോകനാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 2004 മുതല്‍ 2010 വരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച പരിചയം ഇവര്‍ക്കുണ്ട്. തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി.യും തമ്മിലുണ്ടാക്കിയ ‘ഡീല്‍’ ആണെന്ന് ആനി അശോകന് ആരോപിക്കുന്നു. വാഴോട്ടുകോണം വാര്‍ഡില്‍ സമാനമായ സാഹചര്യത്തില്‍, മുന്‍ വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.വി. മോഹനനാണ് സി.പി.എം. വിമതനായി മത്സരരംഗത്ത് ഇറങ്ങുന്നത്.
അഴിമതി ആരോപണങ്ങളെയും വിവാദങ്ങളെയും തുടര്‍ന്ന് മേയര്‍ ആര്യാ രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കിയതും വലിയ ചര്‍ച്ചയായി നിലനില്‍ക്കുന്നതിനിടയിലാണ് വിമതരുടെ രംഗപ്രവേശം. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രമുഖ സി.പി.എം. നേതാക്കള്‍ തന്നെ വിമതരായി മത്സരരംഗത്ത് എത്തിയത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.