
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന നടക്കുന്ന ധര്‍ണ്ണ പുരോഗമിക്കുകയാണ്. കെപിസിസി ആഹ്വാനം ചെയ്ത മാര്‍ച്ച് കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളെ അണിനിരത്തിയാണ് ആശാന്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. വിലിയ ജനപിന്തുണ നേടിയാണ് മാര്‍ച്ച് അവസാനിച്ചത്.
തുടര്‍ന്ന് നടന്ന ധര്‍ണ്ണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. സ്വര്‍ണക്കൊള്ള പുറത്തുകൊണ്ടുവന്നതിന് ഹൈക്കോടതിക്ക് ബിഗ് സല്യൂട്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വാസുമാര്‍ ഇനിയും ജയിലില്‍ പോകേണ്ടതുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. പോറ്റിയ പോറ്റി വളര്‍ത്തിയവരൊക്കെ പിടിയിലാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസ സമൂഹത്തോട് വഞ്ചന കാട്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു.