ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയും വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളും പൊതു സമൂഹത്തിന്റെ ശ്രദ്ധയിലായി. ഹരിയാനയിലെ ധൗജ് ഗ്രാമത്തില്‍ 76 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സര്‍വ്വകലാശാലയെ കുറിച്ച് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കുന്നു. അവരുടെ ഇടപാടുകള്‍ ശ്രദ്ധിക്കപ്പെടുന്നു. യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ള വിദ്യാസമ്പന്നരായ വ്യക്തികള്‍ പാകിസ്ഥാന്‍ പിന്തുണയുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പ്രധാന ആരോപണം. ഇത്തരം വൈറ്റ് കോളര്‍ ഭീകര മൊഡ്യൂള്‍ രാജ്യത്ത് തീവ്രവാദികള്‍ പുതിയ ആയുധമായി ഉപയോഗിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വിവരം.
രാജ്യത്തെ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്ങനെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ഹരിയാന പ്രൈവറ്റ് യൂണിവേഴ്‌സിറ്റീസ് ആക്ട് പ്രകാരം സ്ഥാപിതമായ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റി 1997-ല്‍ ഒരു എഞ്ചിനീയറിംഗ് കോളേജായിട്ടാണ് ആരംഭിച്ചത്. 2013-ല്‍ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലില്‍ (NAAC) നിന്ന് ‘എ’ കാറ്റഗറി അംഗീകാരം ലഭിക്കുകയും 2014-ല്‍ ഹരിയാന സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി പദവി നല്‍കുകയും ചെയ്തു. അല്‍-ഫലാഹ് മെഡിക്കല്‍ കോളേജും യൂണിവേഴ്‌സിറ്റിയുടെ ഭാഗമാണ്.

ആദ്യകാലങ്ങളില്‍, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിക്കും ജാമിയ മില്ലിയ ഇസ്ലാമിയക്കും ഒരു ബദലായാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഈ സര്‍വ്വകലാശാല നിലകൊണ്ടിരുന്നത് . ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്‌സിറ്റി 1995-ല്‍ സ്ഥാപിതമായ അല്‍-ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റാണ് നടത്തുന്നത്. ട്രസ്റ്റിന്റെ ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിയും വൈസ് ചെയര്‍മാന്‍ മുഫ്തി അബ്ദുള്ള ഖാസിമിയും സെക്രട്ടറിയായി മുഹമ്മദ് വാജിദും പ്രവര്‍ത്തിക്കുന്നു. പ്രൊഫ. (ഡോ.) മുഹമ്മദ് പര്‍വേസ് ആണ് യൂണിവേഴ്‌സിറ്റിയുടെ ഇപ്പോഴത്തെ രജിസ്ട്രാര്‍. ഡോ. ഭൂപീന്ദര്‍ കൗര്‍ ആനന്ദ് വൈസ് ചാന്‍സലറായും പ്രവര്‍ത്തിക്കുന്നു.
അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ബ്രൗണ്‍ ഹില്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് എന്നീ മൂന്ന് കോളേജുകള്‍ ഈ കാമ്പസിലുണ്ട്. കൂടാതെ 650 കിടക്കകളുള്ള ഒരു ആശുപത്രിയും യൂണിവേഴ്‌സിറ്റി നടത്തുന്നുണ്ട്, ഇത് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു.
ഈ വിഷയങ്ങളെല്ലാം മാറിയത് കഴിഞ്ഞ ആഴ്ചയോടെയാണ് . ജയ്ഷ്-ഇ-മുഹമ്മദും അന്‍സാര്‍ ഗസ്വാത്ത്-ഉല്‍-ഹിന്ദും ഉള്‍പ്പെട്ട ഭീകര പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ള മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരില്‍ വനിതകളും ഉള്‍പ്പെടുന്നു. കാശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി ഈ മൊഡ്യൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ച് കിടക്കുകയാണ്. അറസ്റ്റിലായവരില്‍ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി അംഗമായ ഡോ. മുസമ്മില്‍ ഗനായിയും ഉള്‍പ്പെടുന്നു. ഇവരുടെ താമസ സ്ഥലത്തു നി്ന്ന് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും എകെ 47 തോക്കുകള്‍ ഉള്‍പ്പടെ പിടിച്ചെടുക്കുകയും ചെയ്തു.
ഇതു കൂടാതെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ഹ്യുണ്ടായ് i20 ഓടിച്ചിരുന്നത് പുല്‍വാമ സ്വദേശിയും അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടര്‍ മുഹമ്മദ് ഉമര്‍ നബി ആണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംഭവത്തില്‍ 12 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേയും അന്വേഷണം ന്ടക്കുന്നു. ഇതോടെ എന്‍ ഐ എ ഉള്‍പ്പെട്ട അന്വേഷണ ഏജന്‍സികളുടെ പരിധിയില്‍ ഈ സര്‍വ്വകലാശാലയും കടന്നുവന്നു. ഭീകര ശൃംഖലയില്‍ യൂണിവേഴ്‌സിറ്റിയുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. കൂടാതെ യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരും വിശാലമായ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.