
ഇസ്ലാമാബാദില് നടന്ന കാര്‍ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആരോപണം തള്ളി ഇന്ത്യ. ഷരീഫ് നടത്തിയ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പാകിസ്ഥാന്റെ പതിവ് തന്ത്രമാണിത്. കൂടാതെ, അന്താരാഷ്ട്ര സമൂഹത്തിന് യാഥാര്‍ഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളില്‍ ലോകരാജ്യങ്ങള്‍ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനില്‍ അടുത്തിടെ നടന്ന ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രധാന ആരോപണം. ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിലും, അഫ്ഗാന് അതിര്‍ത്തിക്കടുത്തുള്ള വാനയിലെ കേഡറ്റ് കോളേജില്‍ നടന്ന ആക്രമണത്തിലും ഇന്ത്യയുടെ പങ്കുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇസ്ലാമാബാദിലെ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയവരാണ്.