
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുc സർവ്വോപരി സിപിഎം നേതാവുമായിരുന്ന എന്‍. വാസുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്. ഈ അറസ്റ്റ് കേസിന്റെ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാണെന്ന് വിലയിരുത്തപ്പെടുന്നു.
ചോദ്യം ചെയ്യലില്‍, രേഖകളില്‍ തിരുത്തല്‍ വരുത്തിയതിനെക്കുറിച്ച് വാസുവിന് കൃത്യമായ മറുപടി നല്‍കാനായില്ല. ഓര്‍മ്മക്കുറവും ആരോഗ്യപ്രശ്‌നങ്ങളുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഇത് അതേപടി അന്വേഷണ ഉദ്യോഗസ്ഥര്‍ എടുത്തിട്ടില്ല. ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണം പൂശിയ കട്ടിളപ്പാളി കേസില്‍ മുന്‍പ് തന്നെ വാസുവിന്റെ പേര് ഉയര്‍ന്നു വന്നിരുന്നെങ്കിലും, വ്യക്തമായ തെളിവുകളുടെയും കൂട്ടുപ്രതികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മുരാരി ബാബു, സുധീഷ് എന്നിവര്‍ വാസുവിന് എതിരെ നിര്‍ണ്ണായകമായ മൊഴികള്‍ നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാസുവിന് അറിയാമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് കാര്യങ്ങള്‍ നടന്നതെന്നും ഇവര്‍ മൊഴി നല്‍കി. മുന്‍ തിരുവാഭരണ കമ്മീഷണര്‍ ബൈജുവിന്റെ മൊഴിയും വാസുവിന് പ്രതികൂലമാണ്.
റാന്നി കോടതി അവധിയായതിനാല്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ വാസുവിനെ ഹാജരാക്കും .
2019 മാര്‍ച്ച് 18-നാണ് വാസു, കട്ടിളപ്പാളികളെ ‘ചെമ്പു പാളികള്‍’ എന്ന് രേഖകളില്‍ തിരുത്തി എഴുതിയത്. തുടര്‍ന്ന്, ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഇത് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇമെയില്‍ വിവാദം ഉയര്‍ന്നുവന്നപ്പോള്‍, വാസു രേഖകളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ തനിക്ക് ലഭിച്ച ഒരു മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചെങ്കിലും, പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വര്‍ണ്ണം ബാക്കിവന്നതിന് ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമില്ലെന്ന് വാസു അന്ന് പ്രസ്താവിച്ചു. ഈ പ്രയോഗം വാസുവിന് പിന്നീട് കുരുക്കായെന്നും സൂചനയുണ്ട്.
കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍ വാസുവിന് എതിരായി മൊഴി നല്‍കിയതും, ഈ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാന്‍ വാസുവിന് കഴിയാതിരുന്നതും അറസ്റ്റിന് കാരണമായി. കമ്മീഷണറായിരുന്ന കാലയളവില്‍ ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണം പൊതിഞ്ഞ കട്ടിളപ്പാളി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെ വാസുവും നിയമനടപടി നേരിടുകയാണ്. സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറുടെ കൈവശം ബാക്കി സ്വര്‍ണ്ണമുണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് പ്രധാന ആരോപണം.