LOCAL BODY ELECTION| ‘കാക്കി’യില്‍ നിന്ന് ‘കാവി’യിലേക്ക്; ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്ത ശ്രീലേഖയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി; വിമര്‍ശിച്ച് മണക്കാട് സുരേഷ്

Jaihind News Bureau
Tuesday, November 11, 2025

കാക്കിയില്‍ നിന്ന് കാവിയിലേയ്ക്ക് മാറ്റി ബി ജെ പി തലസ്ഥാനത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ശ്രീലേഖ, പ്രശസ്തമായ ആറ്റുകാല്‍ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും വെല്ലുവിളിച്ച് മുന്‍പെടുത്ത നിലപാട് വലിയ ചര്‍ച്ചയാകുന്നു. വിശ്വാസ സമൂഹത്തെ വെല്ലുവിളിച്ച ശ്രീലേഖയെ ആറ്റുകാല്‍ ക്ഷേത്രമുള്‍പ്പെടുന്ന തലസ്ഥാന നഗരത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ബി ജെ പി ഉയര്‍ത്തി കാട്ടുന്നതിനെതിരെ
കെ പി സി സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് പങ്കുവെച്ച എഫ്.ബി പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്.

മുന്‍ ഡിജിപി ശ്രീലേഖയെ ശാസ്തമംഗലത്ത് സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട് ബിജെപി തിരുവനന്തപുരം നഗരസഭ മേയര്‍ സ്ഥാനത്തേക്ക് കൂടി ഉയര്‍ത്തിക്കാട്ടിയതോടെയാണ് ശ്രീലേഖ ഐ പി എസ് ‘കാവി’വിശ്വാസികള്‍ക്ക് പറ്റിയ ‘കപട’വിശ്വാസി എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പോസ്റ്റുമായി കെ പി സി സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് രംഗത്തെത്തിയത്. പ്രശസ്തമായ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ചിരപുരാതന ആചാരമായ കുത്തിയോട്ടമനുഷ്ഠിക്കുവാന്‍ എത്തുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ജയിലില്‍ കയറ്റുമെന്ന നിലപാട് മുന്‍പ് ശ്രീലേഖ സ്വീകരിച്ചിരുന്നു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട വൃതത്തെ ‘കുട്ടികള്‍ക്ക് നേരെയുള്ള പച്ചയായ ശാരീരിക മാനസിക പീഡനമെന്ന് വ്യാഖ്യാനിച്ചായിരുന്നു ശ്രീലേഖ പരിഹസിച്ചിരുന്നത്.

ശ്രീലേഖയുടെ ഈ നിലപാട് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെ തള്ളിപ്പറഞ്ഞിരുന്ന ശ്രീലേഖയെ ആറ്റുകാല്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭയില്‍ ബിജെപി തന്നെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതിലെ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വവും മണക്കാട് സുരേഷിന്റെ എഫ് ബി പോസ്റ്റും തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ ചര്‍ച്ചയായി മാറുകയാണ്.