ബിഹാര്‍ തിരഞ്ഞെടുപ്പ്: കനത്ത സുരക്ഷാ വലയത്തില്‍ ബൂത്തുകള്‍; വൈകുന്നേരം എക്‌സിറ്റ് പോളുകള്‍

Jaihind News Bureau
Tuesday, November 11, 2025

ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. രണ്ടാം ഘട്ടത്തിലും ആദ്യ ഘട്ടത്തിലെ പോലെ മികച്ച പോളിംഗാണ് മുന്നണികള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം എക്‌സിറ്റ് പോളുകള്‍ വൈകിട്ട് പുറത്തുവരും.

സീമാഞ്ചല്‍, മഗധ്, ഷഹാബാദ്, ചമ്പാരന്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 14-നാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. രണ്ടാം ഘട്ടത്തില്‍ 1,302 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ സ്ത്രീകളുടെ എണ്ണം 136 മാത്രമാണ് (ഏകദേശം 10 ശതമാനം). ആകെ 3.70 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതില്‍ 1.95 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളുമുണ്ട്. 45,399 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 5,326 എണ്ണം നഗരമേഖലകളിലും 40,073 എണ്ണം ഗ്രാമീണ മേഖലകളിലുമാണ്. 595 ബൂത്തുകള്‍ പൂര്‍ണ്ണമായും വനിതകളും, 91 ബൂത്തുകള്‍ ഭിന്നശേഷിക്കാരും നിയന്ത്രിക്കുന്നു. എല്ലാ ബൂത്തുകളില്‍ നിന്നും വെബ് കാസ്റ്റിങ് ഉണ്ടാകും. ചെയിന്‍പൂര്‍, സസാറാം, ഗയടൗണ്‍ എന്നീ മണ്ഡലങ്ങളില്‍ 22 പേര്‍ വീതമാണ് മത്സരിക്കുന്നത്. ലൗറിയ, ചാന്‍പാട്ടിയ, റക്സൗല്‍, സുഗൗലി, ത്രിവേണി ഗഞ്ച്, ബാണമഖി തുടങ്ങിയ മണ്ഡലങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്ഥാനാര്‍ത്ഥികള്‍ (5 പേര്‍ വീതം) ജനവിധി തേടുന്നു.