DELHI BLAST| ഡല്‍ഹി സ്‌ഫോടനം: കാറോടിച്ചത് ഭീകരന്‍ ഉമര്‍ മുഹമ്മദ്?; കാറില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

Jaihind News Bureau
Tuesday, November 11, 2025

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് ഉപയോഗിച്ച ഐ20 കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ് എന്നയാളാണെന്ന് സൂചന. ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുള്ള ഇയാള്‍ പോലീസ് തിരയുന്ന വ്യക്തിയാണ്. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയ്ക്ക് സമീപം എത്തിച്ചതെന്നാണ് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ സംശയിക്കുന്നത്.

സ്‌ഫോടനത്തില്‍ തകര്‍ന്ന കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തും. കറുത്ത മാസ്‌ക് ധരിച്ച ഒരാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളിലുള്ള വ്യക്തി ഉമര്‍ മുഹമ്മദ് ആണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ ഏകദേശം മൂന്ന് മണിക്കൂറോളം നിര്‍ത്തിയിട്ടിരുന്നു. തിരക്കേറിയ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ആയിരുന്നു ആക്രമണകാരികളുടെ ലക്ഷ്യമെന്നും പോലീസ് സംശയിക്കുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.