
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാര്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത് രാജ്യത്തെ നടുക്കി. വൈകുന്നേരം 6.55ന് നടന്ന ഈ സ്ഫോടനത്തില്‍ പത്തു പേര് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ലോക് നായക് ജയപ്രകാശ് നാരായണ്‍ (LNJP) ആശുപത്രിയില്‍ 15 പേരെ എത്തിച്ചതില്‍ എട്ട് പേരും മരിച്ചിരുന്നു എന്നാണ് വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് അറിയിക്കുന്നു
സ്ഫോടനം നടന്ന കൃത്യമായ സ്ഥലം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് സമീപമുള്ള റെഡ് ലൈറ്റില്‍ സാവധാനം നീങ്ങുകയായിരുന്ന ഒരു മാരുതി സുസുക്കി ഇക്കോ കാറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഐ ഇഡി ഉപയോഗിച്ച് പൊട്ടിത്തെറി ഉണ്ടാക്കിയതായും സംശയമുണ്ട് . അങ്ങനയെങ്കില്‍ ഭീകരാക്രമണം സ്ഥിരീകരിക്കും . ഇതുവരെ അതുണ്ടായിട്ടില്ല.
സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി), എന്‍.എസ്.ജി (ദേശീയ സുരക്ഷാ ഗാര്‍ഡ്) ടീമുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. പോലീസ് പ്രദേശം പൂര്‍ണ്ണമായും വളയുകയും തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫൊറന്‍സിക്, സാങ്കേതിക വിദഗ്ധര്‍ സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. രാജ്യതലസ്ഥാനത്ത് അരങ്ങേറിയ ഈ ഭീകരാക്രമണ ശ്രമത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണമാണ് നടക്കുന്നത്.