
ഡല്‍ഹി: ഫരീദാബാദില്‍ നിന്ന് ഏകദേശം 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടികൂടുകയും ഡല്‍ഹിയില്‍ ആക്രമണം നടത്താനുള്ള ഗൂഢാലോചന തകര്‍ക്കുകയും ചെയ്ത ദിവസത്തില്‍ത്തന്നെ, ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ വന്‍ സ്‌ഫോടനം. വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മൂന്നിലധികം വാഹനങ്ങള്‍ക്ക് തീപിടിച്ച ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നതായി LNJP ആശുപത്രി അധികൃതര്‍ അറിയിച്ചു. മുപ്പതോളം പേർക്ക് പരിക്കുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം 6:55 ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഗേറ്റ് നമ്പര്‍ 1 ന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ തീവ്രത വളരെ വലുതായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സമീപത്തെ തെരുവുവിളക്കുകള്‍ തകരുകയും, കാറുകള്‍ പോലും ഏകദേശം 150 മീറ്റര്‍ ദൂരേക്ക് തെറിച്ചുപോകുകയും ചെയ്തു. അഞ്ചോ ആറോ വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഒരു ഇക്കോ വാനിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കുറഞ്ഞത് എട്ട് വാഹനങ്ങള്‍ക്കെങ്കിലും കേടുപാടുകള്‍ സംഭവിച്ചു, ചിതറിത്തെറിച്ച ചില്ലുകള്‍ തട്ടി നിരവധി പേര്‍ക്ക് പരിക്കേറ്റു. ചില കടകള്‍ക്കും തീപിടിച്ചു.
അടിയന്തര പ്രതികരണവും അന്വേഷണവും:
ഡല്‍ഹി ഫയര്‍ സര്‍വീസിന് സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ 15 ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. തീ നിയന്ത്രണവിധേയമാക്കിയതായും, സാധാരണ ഗതാഗതം നിരോധിച്ചതായും അധികൃതര്‍ അറിയിച്ചു. സ്‌പെഷ്യല്‍ സെല്‍ ഡിസിപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. സ്‌ഫോടനത്തിന്റെ കാരണം, സ്വഭാവം, ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ എന്നിവ കണ്ടെത്താനായി ഫോറന്‍സിക്, സാങ്കേതിക വിദഗ്ദ്ധര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നതെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. മുംബൈയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നകാബന്ദി നടത്താനും സംശയാസ്പദമായ വ്യക്തികളെ പരിശോധിക്കാനും രഹസ്യാന്വേഷണ ശൃംഖലകള്‍ ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, സെന്‍സിറ്റീവ് മേഖലകളില്‍ പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.