Blast near Delhi Red Fort| ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറി ; വാഹനങ്ങള്‍ക്ക് തീപിടിച്ചു ; ഒരാള്‍ മരിച്ചതായി സൂചന

Jaihind News Bureau
Monday, November 10, 2025

തീവ്ര സുരക്ഷാ മേഖലയായ ഡല്‍ഹിയിലെ ചെങ്കോട്ട (ലാല്‍ ഖില) മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചതായാണ് സൂചന. ഒട്ടേറെ വാഹനങ്ങള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുണ്ടായി. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് കാറില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് മറ്റു മൂന്ന് വാഹനങ്ങള്‍ക്കും തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു.

ഡൽഹി ഫയർ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, വൈകുന്നേരം 6:55 ഓടെയാണ് സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻ തന്നെ ഏഴ് ഫയർ ടെൻഡറുകളും 15 CAT ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. സ്ഫോടനത്തെത്തുടർന്നുണ്ടായ തീ സമീപത്തുണ്ടായിരുന്ന മൂന്ന് വാഹനങ്ങളിലേക്ക് പടർന്നുപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കും മുമ്പ് ഈ വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.

പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സ്ഫോടനം അതീവ ശക്തമായിരുന്നു. സമീപത്തെ തെരുവ് വിളക്കുകൾ പോലും തകർന്നുപോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്പെഷ്യൽ സെൽ ഡിസിപി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘങ്ങള്‍ സംഭവസ്ഥലം പരിശോധിച്ചുവരികയാണ്. പോലീസ് പ്രദേശം വളയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അട്ടിമറി സാധ്യതകള്‍ പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് വാര്‍ത്ത അപ്‌ഡേറ്റ് ചെയ്യുന്നതാണ്.