
ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ, 20 ജില്ലകളിലായി ആകെ 122 മണ്ഡലങ്ങളാണ് ജനവിധി എഴുതുന്നത്. സീമാഞ്ചല്‍, മഗധ്, ഷഹാബാദ്, ചമ്പാരന്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 14-നാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
രണ്ടാം ഘട്ടത്തില്‍ 1,302 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ സ്ത്രീകളുടെ എണ്ണം 136 മാത്രമാണ് (ഏകദേശം 10 ശതമാനം). ആകെ 3.70 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതില്‍ 1.95 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളുമുണ്ട്. 45,399 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 5,326 എണ്ണം നഗരമേഖലകളിലും 40,073 എണ്ണം ഗ്രാമീണ മേഖലകളിലുമാണ്. 595 ബൂത്തുകള്‍ പൂര്‍ണ്ണമായും വനിതകളും, 91 ബൂത്തുകള്‍ ഭിന്നശേഷിക്കാരും നിയന്ത്രിക്കുന്നു. എല്ലാ ബൂത്തുകളില്‍ നിന്നും വെബ് കാസ്റ്റിങ് ഉണ്ടാകും. ചെയിന്‍പൂര്‍, സസാറാം, ഗയടൗണ്‍ എന്നീ മണ്ഡലങ്ങളില്‍ 22 പേര്‍ വീതമാണ് മത്സരിക്കുന്നത്. ലൗറിയ, ചാന്‍പാട്ടിയ, റക്‌സൗല്‍, സുഗൗലി, ത്രിവേണി ഗഞ്ച്, ബാണമഖി തുടങ്ങിയ മണ്ഡലങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്ഥാനാര്‍ത്ഥികള്‍ (5 പേര്‍ വീതം) ജനവിധി തേടുന്നു.
ഒന്നാം ഘട്ടത്തില്‍ ബിഹാറില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് പോളിംഗ് ശതമാനം ഇന്‍ഡ്യാസഖ്യത്തിനും എന്‍.ഡി.എ. നേതാക്കള്‍ക്കും ഒരുപോലെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകളും തെളിവുകളും പോളിംഗ് ശതമാനം ഉയര്‍ത്താന്‍ കാരണമായെന്നും ഇത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നും ഇന്‍ഡ്യാസഖ്യം വിലയിരുത്തുന്നു. ബിഹാര്‍ ഒരു രാഷ്ട്രീയ വഴിത്തിരിവാണ് കാണാന്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ഒന്നാം ഘട്ടത്തിലെ പോളിംഗ് വര്‍ദ്ധന, ബി.ജെ.പി.യെ പിന്നോട്ട് വലിച്ചേക്കുമെന്ന ആശങ്ക തീവ്ര വര്‍ഗീയ നിലപാടുകളിലേക്ക് തിരിയാന്‍ മോദിയെയും ഷായെയും പ്രേരിപ്പിച്ചതായി വിലയിരുത്തലുകളുണ്ട്. കൂടാതെ, ബി.ജെ.പി. വ്യാപകമായി വോട്ട് തട്ടിപ്പിന് ശ്രമിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെ സമസ്തിപ്പുര്‍ ജില്ലയിലെ സരായ്രഞ്ജന്‍ മണ്ഡലത്തില്‍ കെട്ടുകണക്കിന് വിവിപാറ്റ് സ്ലിപ്പുകള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.