K.C VENUGOPAL MP| അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ മരണം: ഇതാണോ ‘അതിദാരിദ്ര്യമുക്ത’ കേരളമെന്ന് കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Monday, November 10, 2025

അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ മരണം എല്‍.ഡി.എഫ്. സര്‍ക്കാര്‍ കോടികള്‍ മുടക്കി പാടിപ്പുകഴ്ത്തുന്ന ‘അതിദാരിദ്ര്യമുക്ത കേരള’ത്തിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളുടെ നേര്‍ക്കാഴ്ചയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. എട്ടു വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാതെ കിടന്ന ഒരു സര്‍ക്കാര്‍ വീടിന്റെ ചുമരിടിഞ്ഞാണ് ഈ പിഞ്ചുജീവനുകള്‍ പൊലിഞ്ഞത്. പണമില്ലാത്തതിനെ തുടര്‍ന്ന് നിര്‍മ്മാണം നിലച്ച ഇത്തരം ഒട്ടേറെ വീടുകള്‍ ഉന്നതിയിലുണ്ടെന്ന് അധികൃതര്‍ പറയുമ്പോള്‍, ഈ മരണം വെറും അപകടമല്ലെന്നും ഭരണകൂടം വരുത്തിവെച്ച കൊലപാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ, ആദിവാസി ഊരുകളില്‍ പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, സുരക്ഷിതമല്ലാത്ത വീടുകള്‍ ജീവനെടുക്കുന്നതും എന്ത് തരം വികസനമാണെന്ന് അദ്ദേഹം ചോദിച്ചു. ആദിവാസികളുടെ ക്ഷേമത്തിനായി ലക്ഷ്യമിട്ട ‘ഉന്നതി’ പദ്ധതിയുടെ അവസ്ഥ ഇതാണെങ്കില്‍, ലക്ഷ്യം കാണാതെ പാതിവഴിയില്‍ നിലച്ച അനേകം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന അനാസ്ഥ എത്ര വലുതായിരിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സമയത്തിന് ഒരു വാഹനം പോലും കിട്ടാനില്ലാത്തത്ര പിന്നാക്കമായി ഈ ജനതയെ നിലനിര്‍ത്തിക്കൊണ്ട്, അതിദരിദ്രരില്ലെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ തട്ടിപ്പിന് മാധ്യമ പി.ആര്‍. കവചങ്ങള്‍ നല്‍കിയാലും, ഈ കുട്ടികളുടെ ചോര വീണ മണ്ണ് സത്യം വിളിച്ചുപറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസികള്‍ക്ക് വേണ്ടി അനുവദിക്കുന്ന ഫണ്ടുകള്‍ എങ്ങോട്ട് പോകുന്നു? അഴിമതിയും കെടുകാര്യസ്ഥതയും കാരണം പാതിവഴിയില്‍ നിലച്ച ഈ പദ്ധതികള്‍ ഉന്നതതലത്തിലുള്ള ക്രമക്കേടുകള്‍ക്ക് തെളിവാണ്. ആദിവാസി സമൂഹത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ആദി, അജ്‌നേഷ് എന്നീ കുട്ടികള്‍ക്ക് സംഭവിച്ച ദാരുണാന്ത്യത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും അധികൃതരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കൂടാതെ, അട്ടപ്പാടിയിലെയും മറ്റ് ആദിവാസി മേഖലകളിലെയും ‘ഉന്നതി’ പദ്ധതിക്ക് കീഴില്‍ നിര്‍മ്മാണം നിലച്ച എല്ലാ വീടുകളുടെയും കണക്കെടുപ്പ് നടത്തി എത്രയും പെട്ടെന്ന് സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആദിവാസി സമൂഹങ്ങള്‍ നേരിടുന്ന ഈ കൊടുംവഞ്ചന ഇനിയും തുടരാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും പൊള്ളയായ പ്രഖ്യാപനങ്ങള്‍ നിര്‍ത്തി, പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.