
ആര്.എസ്.എസ്. ശാഖയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ച് ജീവനൊടുക്കിയ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മരണത്തിന് തൊട്ടുമുമ്പ് യുവാവ് വീഡിയോയില്‍ പേരെടുത്ത് പരാമര്‍ശിച്ച അയല്‍വാസിക്കെതിരെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊന്‍കുന്നം വഞ്ചിമല സ്വദേശിയായ അനന്തുവാണ് ഒക്ടോബര്‍ 9-ന് തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. യുവാവ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ മരണമൊഴിയായി പരിഗണിച്ച്, അയല്‍വാസിയായ നിതീഷ് മുരളീധരനെ പ്രതിയാക്കിയാണ് പൊന്‍കുന്നം പോലീസ് പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തത്. ഈ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
അനന്തുവിന്റെ മരണമൊഴിയായ വീഡിയോ തെളിവായി സ്വീകരിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് നേരത്തെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയാണ് നിയമോപദേശം നല്‍കിയത്. നിലവില്‍ ഭാരതീയ ന്യായസംഹിത പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് കേസെടുക്കാന്‍ വകുപ്പില്ല. എന്നിരുന്നാലും, കുറ്റകൃത്യം നടന്നത് ഇന്ത്യന്‍ പീനല്‍ കോഡ് നിലനിന്നിരുന്ന കാലത്തായതിനാല്‍, ഐ.പി.സി. 377-ാം വകുപ്പ് പ്രകാരം കേസെടുക്കാം എന്നായിരുന്നു നിയമോപദേശത്തില്‍ വ്യക്തമാക്കിയത്.