PAWAN KHERA| ‘എന്‍ഡിഎ ‘തോല്‍വി സമ്മതിച്ചു’ കഴിഞ്ഞു; പ്രതിപക്ഷത്തോടുള്ള ജനങ്ങളുടെ ആവേശം എന്‍ഡിഎയെ ഇരുട്ടിലാക്കി’- പവന്‍ ഖേര

Jaihind News Bureau
Sunday, November 9, 2025

എന്‍ഡിഎ ഇതിനോടകം ‘തോല്‍വി സമ്മതിച്ചു’ കഴിഞ്ഞുവെന്ന് എഐസിസി മാധ്യമവിഭാഗം മേധാവി പവന്‍ ഖേര. ആദ്യ ഘട്ടത്തിലെ വോട്ടര്‍മാരുടെ എണ്ണവും നവംബര്‍ 11 ന് നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് ്അനുകൂലമായി ലഭിക്കുന്ന ജനങ്ങളുടെ പ്രതികരണവും കണ്ട എന്‍ഡിഎ നേതാക്കള്‍ പരാജയം അംഗീകരിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബീഹാറിലെ അവസാന ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ഘട്ടത്തിലെ വോട്ടര്‍മാരുടെ എണ്ണവും പ്രതിപക്ഷത്തോടുള്ള ജനങ്ങളുടെ ‘പ്രകടമായ ആവേശവും’ ഭരണസഖ്യത്തിനുള്ളിലെ മാനസികാവസ്ഥ ഇരുണ്ടതാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഖേര രൂക്ഷവിമര്‍ശനമുയര്‍ത്തി. സീതാമര്‍ഹിയിലും ബേട്ടിയയിലും പ്രധാനമന്ത്രി നടത്തിയ സമീപകാല പ്രചാരണ പ്രസംഗങ്ങളെ അദ്ദേഹം അപലപിച്ചു. പ്രചാരണത്തിനിടയില്‍ പ്രധാനമന്ത്രി ഉപയോഗിച്ച മോശമായ ഭാഷയെയും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം ഭാഷ ഒരു പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്നും ബീഹാറിലെ യുവാക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഖേര പറഞ്ഞു. ഇത്തരം അപമാനകരമായ പദങ്ങള്‍ ഉപയോഗിച്ചതിന് പ്രധാനമന്ത്രി ക്ഷമാപണം നടത്തണം. ബീഹാറിലെ യുവാക്കളും പുരുഷന്മാരും കഠിനാധ്വാനികളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ കുറ്റവാളികളല്ല എന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ ജനങ്ങള്‍ മാറ്റത്തിനും, അന്തസ്സിനും, നല്ല ഭരണത്തിനും വേണ്ടി വോട്ട് ചെയ്യാന്‍ തയ്യാറാണെന്നും, എന്‍ഡിഎയുടെ ‘എക്‌സിറ്റ് മൂഡ്’ ‘എഴുത്ത് ഇതിനകം ചുവരില്‍ ഉണ്ട്’ എന്നതിന്റെ തെളിവാണെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.