George Kurian| ‘കുട്ടികള്‍ ഗണഗീതം പാടിയതില്‍ തെറ്റില്ല; ആര്‍ എസ് എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ?’ ന്യായീകരിച്ച് ജോര്‍ജ് കുര്യന്‍

Jaihind News Bureau
Sunday, November 9, 2025

വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനച്ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍.എസ്.എസ്. ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ന്യായീകരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്നും, ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍.എസ്.എസിനെ പരാമര്‍ശിക്കുന്നില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബി.ജെ.പി. ഈ ഗാനം എല്ലാ വേദികളിലും ആലപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സി.പി.ഐ.എമ്മിന്റെ ശ്രമമാണിതെന്ന് ജോര്‍ജ് കുര്യന്‍ കുറ്റപ്പെടുത്തി. കുട്ടികള്‍ ഗാനം പാടിയതില്‍ തെറ്റില്ലെന്നും അദ്ദേഹം വാദിച്ചു. ആര്‍.എസ്.എസ്. പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ഗണഗീതത്തിന് എന്താണ് കുഴപ്പമെന്ന് ചോദിച്ച കേന്ദ്രമന്ത്രി, ഗാനത്തിന്റെ അര്‍ത്ഥം പറഞ്ഞുകൊണ്ടാണ് ന്യായീകരണം തുടര്‍ന്നത്. ഹൃദ്രോഗിയെ നിലത്ത് കിടത്തി ചികിത്സിക്കുന്ന ലോകത്തെ ഒന്നാമത്തെ ആരോഗ്യ കേന്ദ്രമുള്ള കേരളത്തില്‍ ഇതൊക്കെ തെറ്റായിരിക്കുമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.