ജാതി അധിക്ഷേപം; തീസിസില്‍ ഒപ്പിട്ടില്ല; കാര്യവട്ടം ക്യാമ്പസില്‍ സംസ്‌കൃതം വിഭാഗം മേധാവിക്കെതിരെ കേസുമായി ഗവേഷക വിദ്യാര്‍ത്ഥി

Jaihind News Bureau
Sunday, November 9, 2025

 

തിരുവനന്തപുരം: കാര്യവട്ടം കേരള യൂണിവേഴ്സിറ്റി ക്യാമ്പസിലെ സംസ്‌കൃതം വിഭാഗം മേധാവി വിജയകുമാരിക്കെതിരെ ജാതി അധിക്ഷേപം ആരോപിച്ച് ശ്രീകാര്യം പൊലീസ് കേസെടുത്തു. ഗവേഷക വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ വിപിന്‍ വിജയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പി.എച്ച്.ഡി. തീസിസില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും ചെയ്തു എന്നാണ് അധ്യാപികയ്‌ക്കെതിരെ വിപിന്‍ വിജയന്‍ നല്‍കിയ പരാതി. സംഭവത്തില്‍ വകുപ്പ് മേധാവി വിജയകുമാരി വിദ്യാര്‍ത്ഥിക്കെതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് വിഷയത്തില്‍ പ്രാവീണ്യമില്ലെന്നും ഓപ്പണ്‍ ഡിഫന്‍സില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നും അധ്യാപിക കഴിഞ്ഞ മാസം പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, സംസ്‌കൃതം അറിയാത്ത വിദ്യാര്‍ത്ഥിക്ക് പി.എച്ച്.ഡി നല്‍കാന്‍ ശുപാര്‍ശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ അധ്യാപിക പൊലീസില്‍ പരാതി നല്‍കിയിരുന്നു.