
യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ ഉത്തരവിനെത്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ 1400-ലധികം വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ഷട്ട്ഡൗണ്‍ നീണ്ടുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ശമ്പളമില്ലാതെ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നിരവധി ജീവനക്കാര്‍ ജോലിയില്‍ നിന്ന് പിന്മാറിയതും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമായി.
നിലവില്‍ രാജ്യത്തെ മൊത്തം വിമാന സര്‍വീസുകളുടെ 20 ശതമാനത്തോളം റദ്ദാക്കിയിട്ടുണ്ട്. അറ്റ്ലാന്റ, ഡാളസ്, ഡെന്‍വര്‍, ഷാര്‍ലറ്റ് ഉള്‍പ്പെടെ 40 ഓളം വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ദുരിതത്തിലായി. ഫ്ലൈറ്റ്അവെയര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് രാജ്യവ്യാപകമായി ആയിരത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇത് വ്യാഴാഴ്ച റദ്ദാക്കിയതിന്റെ അഞ്ചിരട്ടിയോളം വരും.
ഏകദേശം 170 സര്‍വീസുകള്‍ ഇന്നലെ വെട്ടിക്കുറച്ചു. തിങ്കളാഴ്ച വരെ ഓരോ ദിവസവും 220 സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനാണ് പദ്ധതി. ഇന്നലെ 120 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. റീഗണ്‍ നാഷണല്‍ വിമാനത്താവളത്തിലെ സര്‍വീസുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് (18 ശതമാനത്തോളം). യുണൈറ്റഡ്, അമേരിക്കന്‍ എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്കായി റീബുക്കിങ് സൗകര്യം ഒരുക്കി.
ഷട്ട്ഡൗണ്‍ കൂടുതല്‍ കാലം തുടരുകയാണെങ്കില്‍ വിമാനങ്ങളുടെ റദ്ദാക്കല്‍ 15% മുതല്‍ 20% വരെ ഉയരുമെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. യുഎസ് വ്യോമ ചരക്കുകളുടെ പകുതിയോളം പാസഞ്ചര്‍ വിമാനങ്ങളിലൂടെയാണ് കയറ്റി അയയ്ക്കുന്നത്. നിലവിലെ തടസം ചരക്കുകളുടെ കയറ്റുമതി ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.