
അട്ടപ്പാടി കരുവാര ഊരില്‍ പാതി പണിത വീട് ഇടിഞ്ഞുവീണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറു വയസ്സുകാരി അഭിനയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ട് വര്‍ഷത്തോളമായി ആള്‍താമസമില്ലാതെ കിടന്ന വീടിന്റെ സണ്‍ഷേഡാണ് ഇടിഞ്ഞു വീണത്.
മുക്കാലിയില്‍ നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ വനത്തിനുള്ളിലുള്ള ആദിവാസി ഊരിലാണ് സംഭവം. എട്ട് വര്‍ഷത്തോളമായി പണി പൂര്‍ത്തിയാക്കാതെ ഉപയോഗശൂന്യമായി കിടന്നിരുന്ന വീടിന്റെ സണ്‍ഷേഡില്‍ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. വീടിന് മേല്‍ക്കൂരയില്ല. ആള്‍താമസമില്ലാത്ത ഈ വീടിന്റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്.
അപകടം നടന്ന ഉടന്‍ തന്നെ വനംവകുപ്പിന്റെ ജീപ്പില്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലാണ്.