സ്വര്‍ണക്കൊള്ള അന്വേഷണവും വിവാദത്തില്‍; ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് എ.ഡി.ജി.പി

Jaihind News Bureau
Saturday, November 8, 2025

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ ആരോപണവിധേയനായ ഇന്‍സ്പെക്ടറെ ഉള്‍പ്പെടുത്തിയത് വിവാദമായി. പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്.എച്ച്.ഒ ശിവകുമാറിനെയാണ് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ശിവകുമാര്‍ ഇന്നലെ എസ്.ഐ.ടിയില്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍, ഈ നിയമനം വിവാദമായതിനു പിന്നാലെ, ഇയാളെ സംഘത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി എ.ഡി.ജി.പി. അറിയിച്ചു.

നിയമനം വിവാദമായ പശ്ചാത്തലത്തില്‍, എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് വിശദീകരണവുമായി രംഗത്തെത്തി. താനും എസ്.പി.മാരും മാത്രമാണ് അന്വേഷണം നടത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മറ്റുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളവരാണ്. ഈ സാഹചര്യത്തിലാണ് സംഘത്തെ സഹായിക്കുന്നതിനായി ശിവകുമാറിനെ നിയമിച്ചത്. എന്നാല്‍, വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഈ ഉദ്യോഗസ്ഥനെ പിന്‍വലിക്കുന്നതായും എ.ഡി.ജി.പി. വ്യക്തമാക്കി.