ഒമാനില്‍ പിഴകള്‍ ഇല്ലാതെ വീസ കരാര്‍ പുതുക്കാന്‍ ഡിസംബര്‍ 31 വരെ സമയം

Jaihind News Bureau
Saturday, November 8, 2025

മസ്‌കറ്റ്: ഒമാനില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക്, പിഴകള്‍ ഇല്ലാതെ കരാര്‍ പുതുക്കാന്‍ , ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു. റോയല്‍ ഒമാന്‍ പൊലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് വര്‍ഷത്തില്‍ കൂടുതലുള്ള പിഴകളാണ് ഒഴിവാക്കി നല്‍കുക. നേരത്തെ തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു.

ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ പൊലീസ് പുറത്തിറക്കി. കരാര്‍ പുതുക്കാന്‍ കൂടുതല്‍ സമയം തേടി വ്യക്തികളും തൊഴിലുടമകളും തൊഴിലാളികളും മന്ത്രാലയത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സമയം നീട്ടി നല്‍കിയത്.