K.MURALEEDHARAN| ‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്’ എന്ന് പറഞ്ഞപ്പോലെ സര്‍ക്കാരിന് ഒരു കൂട്ടാണ് ആര്യ രാജേന്ദ്രന്റെ ഭരണകൂടമെന്ന് കെ.മുരളീധരന്‍

Jaihind News Bureau
Saturday, November 8, 2025

ഉത്തരവാദിത്തമില്ലാത്ത ഭരണസംവിധാനമാണ് തിരുവനന്തപുരം നഗരസഭ ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കൃത്യമായ ഇടപെടല്‍ നടത്താന്‍ നഗരസഭ തയ്യാറാവാത്തതിന്റെ ദുരന്തമാണ് തോട് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിമരിച്ച ജോയിയുടെ മരണം. ഒരു പാവത്തിനെ വെള്ളത്തില്‍ മുക്കി കൊന്നിട്ട് ആ കുടുംബത്തിന് വീട് വെച്ച് കൊടുത്തതുകൊണ്ട് മാത്രം കാര്യമില്ല. ആ അമ്മയ്ക്ക് ഇതിലൂടെ മകനെ തിരിച്ചു കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു. ഇടത് ദുര്‍ഭരണത്തിനെതിരെ നടത്തുന്ന ജനകീയ വിചാരണ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലില്‍ ഒരാള്‍ മരിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തില്‍. അതിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തോടുകളിലെ മാലിന്യങ്ങളാണ് ഇത്തരം രോങ്ങള്‍ പടരാന്‍ ഇടയാക്കുന്നത്. അത് നിയന്ത്രിക്കാന്‍ പോലും ഈ നഗരസഭയ്ക്ക് കഴിയുന്നില്ല. എംഎല്‍എ- എംപി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ് ലൈറ്റുകള്‍ പോലും നഗരസഭാ പണമടയ്ക്കാത്തത് കൊണ്ട് കത്താത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച രണ്ടാമത്തെ മെഡിക്കല്‍ കോളേജ് പൂട്ടിച്ചവരാണ് ഇപ്പോള്‍ തിരുവനന്തപുരം നഗരസഭ ഭരിക്കുന്നത്. നടക്കാത്ത പൊങ്കാലയുടെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങിക്കൊടുത്ത വകയില്‍ ഫണ്ട് അടിച്ചു മാറ്റിയവരാണ് നഗരസഭ ഭരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ‘ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട’് എന്ന് പറഞ്ഞപോലെ സര്‍ക്കാരിന് ഒരു കൂട്ടാണ് ഇവിടുത്തെ ആര്യ രാജേന്ദ്രന്റെ ഭരണകൂടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം നഗരസഭയിലെ ഇടത് ദുര്‍ ഭരണത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ നയിക്കുന്ന ജനകീയ വിചാരണ യാത്ര ആറാം ദിനത്തിലേക്ക്. പഴവങ്ങാടിയില്‍ എം എം ഹസ്സന്‍ ഇന്നത്തെ യാത്ര ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരത്തെ നരകതുല്യമാക്കിയ ഇടതുഭരണത്തിന് ഇക്കുറി കനത്ത തിരിച്ചടി ജനങ്ങള്‍ നല്ലുമെന്നദ്ദേഹം പറഞ്ഞു. ഇടതുഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തി തെരുവില്‍ വിചാരണ ചെയ്താണ് കെ.മുരളീധരന്‍ യാത്ര നയിക്കുന്നത്.