US Shutdown| അമേരിക്കയില്‍ അടച്ചുപൂട്ടല്‍ 39-ാം ദിവസത്തിലേക്ക്: വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധി; 1,200 വിമാന സര്‍വീസുകള്‍ റദ്ദാക്കി

Jaihind News Bureau
Saturday, November 8, 2025

അമേരിക്കയില്‍ ഭരണ സ്തംഭനം 39-ാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യത്തെ വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധി തുടരുന്നു. ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തതാണ് പ്രതിസന്ധിക്ക് കാരണം. വെള്ളിയാഴ്ച മാത്രം 1,200-ല്‍ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ആയിരക്കണക്കിന് സര്‍വീസുകള്‍ വൈകുകയും ചെയ്തു.

അടച്ചുപൂട്ടലിന്റെ ഭാഗമായി ബജറ്റ് പാസാകാതെ വന്നതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ശമ്പളം മുടങ്ങി. ഇതോടെ, സമ്മര്‍ദ്ദം ലഘൂകരിക്കാനായി വിമാനക്കമ്പനികള്‍ നിരവധി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. അറ്റ്‌ലാന്റ, ഡെന്‍വര്‍, ന്യൂവാര്‍ക്ക്, ചിക്കാഗോ, ഹ്യൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ് എന്നിവയുള്‍പ്പെടെ 40 പ്രധാന വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചു. വെള്ളിയാഴ്ച മാത്രം അമേരിക്കന്‍ എയര്‍ലൈന്‍സ് ഏകദേശം 220, ഡെല്‍റ്റ ഏകദേശം 170, സൗത്ത് വെസ്റ്റ് ഏകദേശം 100 എന്നിങ്ങനെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഫ്‌ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ് അവെയര്‍ റിപ്പോര്‍ട്ട് പ്രകാരം, ബോസ്റ്റണ്‍, ചിക്കാഗോ ഒ’ഹെയര്‍, അറ്റ്‌ലാന്റ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ഒരു മണിക്കൂറിലേറെ വൈകി. പ്രതിസന്ധിക്കിടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിച്ചു. നാല് ശതമാനത്തില്‍ നിന്ന് ആരംഭിച്ച നിരക്കുകള്‍ അടുത്ത ആഴ്ചയോടെ 10 ശതമാനമായി ഉയരും. അന്താരാഷ്ട്ര വിമാന സര്‍വീസുകളെ പ്രതിസന്ധി വലിയ തോതില്‍ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച യു.എസ്. ഭരണ സ്തംഭനം 39-ാം ദിവസത്തിലേക്ക് കടന്നു. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കിയതാണ് ഭരണ സ്തംഭനത്തിലേക്ക് നയിച്ചത്. പ്രശ്‌ന പരിഹാരത്തിനായി ഡെമോക്രാറ്റുകള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം റിപ്പബ്ലിക്കന്‍ നേതൃത്വം തള്ളിയതോടെ പ്രതിസന്ധി തുടരുകയാണ്.