
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡി.എം.ഇ.യുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടര്‍നടപടികള്‍.
കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വേണു മരിച്ചത്. ഓട്ടോ ഡ്രൈവറായ വേണു ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടിയന്തര ആന്‍ജിയോഗ്രാമിനായി വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
അടിയന്തര ആന്‍ജിയോഗ്രാം നടത്തേണ്ട വേണുവിന് അഞ്ച് ദിവസം ചികിത്സ നിഷേധിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് വേണുവിന്റെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും, ആശുപത്രിയില്‍ വലിയ അഴിമതിയും കൈക്കൂലിയുമാണ് നടക്കുന്നതെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയായിരിക്കും എന്നും വേണു മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഈ ശബ്ദ സന്ദേശം ആരോഗ്യവകുപ്പിനെ കടുത്ത വെട്ടിലാക്കിയിരിക്കുകയാണ്.
വേണുവിന് ചികിത്സ നല്കുന്നതില് വീഴ്ച സംഭവിച്ചിട്ടില്ല എന്ന നിലപാടാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്. ആന്‍ജിയോഗ്രാം വൈകിയതിലും വീഴ്ചയില്ലെന്ന് അവര്‍ വാദിക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ച് 24 മണിക്കൂറിന് ശേഷമാണ് വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ക്രിയാറ്റിന്‍ അളവ് കൂടുതലായിരുന്നത് ആന്‍ജിയോഗ്രാമിന് തടസ്സമായിരുന്നു എന്നും സൂപ്രണ്ട് വിശദീകരിച്ചു. ശാസ്ത്രീയമായ എല്ലാ ചികിത്സയും നല്‍കിയെന്നും, അടിയന്തര സാഹചര്യത്തില്‍ മരുന്നുകള്‍ നല്കി നില മെച്ചപ്പെടുത്താനാണ് ശ്രമിച്ചതെന്നും അധികൃതര്‍ പറയുന്നു.
അതേസമയം ആശുപത്രി അധികൃതരുടെ വീഴ്ചയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അടക്കമുള്ളവര്‍ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.