
മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30-ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
സാധനങ്ങള്‍ വിലക്കുറവില്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. താത്കാലികമായി നിര്‍മ്മിച്ച കടയായതിനാല്‍ ഫ്ലെക്സുകളും മറ്റ് കത്തുന്ന വസ്തുക്കളും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഇത് തീ ആളിക്കത്തുന്നതിനും അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതിനും കാരണമായി.
തീ സമീപത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും അതിവേഗം വ്യാപിച്ചു. മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള തീവ്ര ശ്രമമാണ് ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. തീപിടിത്തത്തിനിടെ കടയില്‍ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി കോട്ടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് സ്വദേശികളായ രിഫായി (26), നൗഫല്‍ (26), സുനൈഫ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവസ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനവും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.