
പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 64.66% റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 2020-ല്‍ 56.1% ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്, അതില്‍ നിന്ന് 8.5% വര്‍ദ്ധനവാണ് ഇത്തവണയുണ്ടായത്. നവംബര്‍ 11-ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും, നവംബര്‍ 14-നാണ് ഫലപ്രഖ്യാപനം.
18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളിലായി 3.75 കോടി വോട്ടര്‍മാരാണ് കഴിഞ്ഞ ദിവസം സമ്മതിദാനം രേഖപ്പെടുത്തിയത്. ഇത് ഏകദേശം മൂന്നില്‍ രണ്ട് ഭാഗത്തോളം വോട്ടര്‍മാരുടെ പങ്കാളിത്തമാണ്. സാധാരണയായി, ഉയര്‍ന്ന പോളിംഗ് പലപ്പോഴും ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയായി കാണാറുണ്ട് അതായത്, മാറ്റത്തിനായുള്ള ആഗ്രഹം. അതുകൊണ്ടു തന്നെ ഇത് ഭരണവിരുദ്ധ തരംഗത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

വോട്ടര്‍ പട്ടികയുടെ തീവ്രപരിശോധന നടന്ന ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ കൂടി ബിഹാര്‍ തിരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. ഒട്ടേറെ പരാതികളാണ് വോട്ടിംഗുമായി ബന്ധപ്പെട്ട് ബിഹാറിലെ വോട്ടര്‍മാര്‍ക്കുണ്ടായത്. വ്യാഴാഴ്ച ബിഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രചരിപ്പിച്ച ഒരു വീഡിയോയില്‍, മൂന്ന് വോട്ടര്‍മാര്‍ ഒരു ബെഞ്ചിലിരുന്ന്, ഒരു ഉദ്യോഗസ്ഥയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് കാണാം. സമാനമായ ചോദ്യോത്തര വേള ഇങ്ങനെയായിരുന്നു:
ഉദ്യോഗസ്ഥ: ‘നിങ്ങളുടെ പേര് പറയുക
വോട്ടര്‍ – ഷൗക്കത്ത് അലി
ഉദ്യോഗസ്ഥ:- ‘കൈ കാണിക്കൂ
ഷൗക്കത്ത് അലി വോട്ട് ചെയ്തതിന്റെ മഷി പുരണ്ട വിരല്‍ കാണിക്കുന്നു’
ഉദ്യോഗസ്ഥ: – വോട്ട് ചെയ്‌തോ?
ഷൗക്കത്ത് അലി- അതെ, ചെയ്തു
ഉദ്യോഗസ്ഥ:- എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ?
ഷൗക്കത്ത് അലി -ഇല്ല
ഉദ്യോഗസ്ഥ:- വോട്ട് ചെയ്യാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായോ?
ഷൗക്കത്ത് അലി -ഇല്ല
ഉദ്യോഗസ്ഥ:- എന്തൊക്കെ സംഭവിച്ചോ അത് തെറ്റിദ്ധാരണ കാരണം അല്ലേ?
ഷൗക്കത്ത് അലി – അതെ
ഉദ്യോഗസ്ഥ:-ഇപ്പോള്‍ എല്ലാം വ്യക്തമാണോ?
ഷൗക്കത്ത് അലി- അതെ
ഉദ്യോഗസ്ഥ: ഇപ്പോള്‍ സന്തോഷമുണ്ടോ?
ഷൗക്കത്ത് അലി- അതെ
ഉദ്യോഗസ്ഥ: അതു നന്നായി’
മുസാഫര്‍പൂരിലെ സാഹിബ്ഗഞ്ച് മണ്ഡലത്തിലെ വോട്ടര്‍മാരായിരുന്നു ഇവര്‍. ഈ സംഭാഷണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്വന്തം വോട്ട് ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു എന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ബൂത്തില്‍ നിന്ന് തിരികെ അയച്ചതായിരുന്നു ഇവരെ. പരാതിപ്പെട്ട് ശേഷം തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെട്ടു. വേഗത്തില്‍ നടപടിയെടുക്കുകയും പരാതികള്‍ എല്ലാം പരിഹരിക്കപ്പെട്ടതായും ഈ മൂന്ന് വോട്ടര്‍മാരുടെ വീഡിയോ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പോളിംഗ് ഉദ്യോഗസ്ഥരാണോ അതോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പോളിംഗ് ഏജന്റുമാരാണോ ഇവരെ തിരികെ അയച്ചത് എന്നത് വ്യക്തമല്ല. ഏതായാലും, തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കോ ഏജന്റുമാര്‍ക്കോ എതിരെ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി ഇതുവരെ വ്യക്തമല്ല; അതു പരസ്യപ്പെടുത്തിയുട്ടുമില്ല. അല്ലെങ്കില്‍ അങ്ങനെയുണ്ടെങ്കില്‍ പോലും അത് പൊതുമധ്യത്തില്‍ പങ്കുവെച്ചിട്ടില്ല.
ഇതുപോലെ സംസ്ഥാനത്തുടനീളം ഒട്ടേറെ വോട്ടര്‍മാര്‍ സ്വന്തം പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇവരില്‍ പലരുടേയും പരാതികള്‍ക്ക് പരിഹാരമായില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്് ഒരു അപൂര്‍വ സംഭവമായതുകൊണ്ടാവണം അവര്‍ ഈ വീഡിയോ പങ്കുവച്ചത്.
2025 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ നടന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനത്തെക്കുറിച്ച് (SIR – Special Intensive Revision) ബിഹാറിലെ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ക്കും വിവരമില്ലായിരുന്നു. ഫോമുകള്‍ പൂരിപ്പിക്കണമെന്ന് ആരും അറിയിക്കുകയോ ഫോമുകളുമായി ആരും സമീപിക്കുകയോ ചെയ്തിരുന്നില്ല. അതിനാല്‍ പലര്‍ക്കും ഇത് അറിയില്ലായിരുന്നു. വോട്ട് ചെയ്യാന്‍ പതിവായി പോകുന്ന ബൂത്തുകളില്‍ എത്തിയപ്പോഴാണ് പലരും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് അറിഞ്ഞത്.
അതുപോലെ തന്നെ വോട്ടെടുപ്പ് ദിവസം മൂന്ന് ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട വിവാദവും ഉണ്ടായി. മുന്‍ രാജ്യസഭാ എംപിയായ രാകേഷ് സിന്‍ഹയും ഡല്‍ഹി ബിജെപിയിലെ നാഗേന്ദ്ര കുമാര്‍, സന്തോഷ് ഓജ എന്നിവരാണ് വിവാദത്തിലായത്. ഈ മൂന്ന് പേരും ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും തുടര്‍ന്ന് നവംബറില്‍ ബിഹാറിലും വോട്ട് ചെയ്യുകയും ചെയ്തതായി കണ്ടെത്തി. ഡല്‍ഹിയിലും ബിഹാറിലും വോട്ട് ചെയ്തതിന് ശേഷം സെല്‍ഫികള്‍ പങ്കുവെച്ചതുകൊണ്ട് വസ്തുത പരിശോധകര്‍ക്ക് ഇവരെ കണ്ടെത്തുന്നത് എളുപ്പമായി.
ബിജെപി നേതാക്കളും പ്രൊഫസര്‍ സിന്‍ഹയും രാജിവെച്ച് ഡല്‍ഹിയില്‍ ജോലി ചെയ്യുന്നത് നിര്‍ത്തിയോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍, SIR വഴിയുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണം ഈ മൂന്ന് വോട്ടര്‍മാരെയും ഒഴിവാക്കാന്‍ പരാജയപ്പെട്ടതെന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതുപോലെ അറിയപ്പെടാത്തവരായി ഒട്ടേറെ പേരുണ്ടാവാം. അംബാല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് പ്രത്യേക ട്രെയിനുകള്‍ ബിഹാറിലേക്ക് പുറപ്പെട്ടതായും ബിജെപി അനുകൂലികളെ പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടിയതോടെ വിവാദങ്ങള്‍ ഉയര്‍ന്നു.
ബിഹാറില്‍ SIR പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ചതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.