Supreme Court| വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ്-റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ പൂര്‍ണ്ണമായും മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്

Jaihind News Bureau
Friday, November 7, 2025

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ്, റെയില്‍വേ സ്റ്റേഷനുകള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) നിയമങ്ങള്‍ക്കനുസരിച്ച് വാക്‌സിനേഷനും വന്ധ്യംകരണവും നടത്തിയ ശേഷം ഇവയെ ഷെല്‍ട്ടറുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പിടികൂടുന്ന സ്ഥലങ്ങളിലേക്ക് നായ്ക്കളെ തിരികെ വിടരുതെന്നും കോടതി നിര്‍ദേശിച്ചു. ‘അങ്ങനെ ചെയ്യുന്നത് ഈ സ്ഥാപനങ്ങളെ തെരുവ് നായ്ക്കളില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കും,’ കോടതി നിരീക്ഷിച്ചു. തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ഒരു മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജൂലൈ 28-ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ ഉത്തരവ്. കുട്ടികളെ നായ്ക്കള്‍ കടിക്കുന്നത്, പേവിഷബാധ കേസുകളുടെ വര്‍ദ്ധനവ്, മരണങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അവരുടെ അധികാരപരിധിയിലുള്ള പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും കായിക കേന്ദ്രങ്ങളും തിരിച്ചറിയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, കായിക കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തെരുവ് നായ്ക്കള്‍ പ്രവേശിക്കുന്നത് തടയാന്‍ ശരിയായ വേലികള്‍ സ്ഥാപിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് (ഡി.എം) ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരിസരങ്ങളില്‍ തെരുവ് നായ്ക്കള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ പതിവ് പരിശോധനകള്‍ നടത്തണമെന്നും കോടതി പറഞ്ഞു. ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഇത്തരം സ്ഥലങ്ങളില്‍ കാണുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണം; പിടികൂടിയ അതേ സ്ഥലത്തേക്ക് ഇവയെ തിരികെ വിടരുത് എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

തെരുവ് നായ്ക്കളുടെ ശല്യത്തില്‍ നടപടിയെടുക്കാത്തതിന് കഴിഞ്ഞ മാസം ഇതേ മൂന്നംഗ ബെഞ്ച് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) നിയമങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്താനും കോടതി ഉത്തരവിട്ടിരുന്നു. നിയമം പാലിക്കാത്തതില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ കോടതി, തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ ‘വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന് മോശം പ്രതിച്ഛായ നല്‍കുന്നു’ എന്ന് പറഞ്ഞു. നേരത്തെ, തെരുവ് നായ്ക്കളുടെ കേസിന്റെ പരിധി ഡല്‍ഹി-എന്‍സിആറിന് അപ്പുറത്തേക്ക് വ്യാപിപ്പിക്കുകയും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കക്ഷി ചേര്‍ക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കേരളവും ബാദ്ധ്യസ്ഥമാണ്.