നീതി നിഷേധിക്കപ്പെട്ടു; നടപടിയില്ലെങ്കില്‍ എന്തിന് പാര്‍ട്ടിയില്‍?; പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മില്‍ നിന്ന് രാജി വെച്ചു; ലോക്കല്‍ സെക്രട്ടറിക്ക് രൂക്ഷ വിമര്‍ശനം

Jaihind News Bureau
Friday, November 7, 2025


സി.പി.എം. പാലക്കുഴ ലോക്കല്‍ കമ്മിറ്റിയില്‍ രൂക്ഷമായ വിഭാഗീയതയെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയ കെ എ രാജി വെച്ചു. ലോക്കല്‍ സെക്രട്ടറി ജോഷി സ്‌കറിയയുടെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ തെളിവുകള്‍ സഹിതം പലതവണ പരാതി നല്‍കിയിട്ടും പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കാത്തതിലുള്ള കടുത്ത പ്രതിഷേധമാണ് രാജിക്ക് പിന്നില്‍.

പാര്‍ട്ടിക്ക് കത്ത് നല്‍കിക്കൊണ്ടാണ് ജയ കെ എ തന്റെ എല്ലാ ഔദ്യോഗിക ചുമതലകളില്‍ നിന്നും ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്. ലോക്കല്‍ സെക്രട്ടറിയുടെ ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ തെളിവുകള്‍ സഹിതം നിരവധി തവണ പാര്‍ട്ടി ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയിട്ടും വിഷയത്തില്‍ ഇതുവരെ ഒരു തീരുമാനവും ഉണ്ടാകാത്തതിലെ അമര്‍ഷം ജയ കത്തില്‍ പ്രകടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജനകീയയായ ഒരു നേതാവ് രാജി വെച്ചത് സി.പി.എമ്മിന് പാലക്കുഴയില്‍ കനത്ത തിരിച്ചടിയാണ്. താഴെത്തട്ടിലുള്ള വിഷയങ്ങളില്‍ പോലും നടപടിയെടുക്കാത്ത ജില്ലാ-സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളിലുള്ള പ്രതിഷേധമാണ് രാജിയിലൂടെ പുറത്തുവന്നിരിക്കുന്നത്.