പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കുത്തി പരിക്കേല്‍പ്പിച്ച ശേഷം പത്തൊന്‍പതുകാരിയെ തീവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം.

Jaihind News Bureau
Thursday, November 6, 2025

പത്തനംതിട്ട തിരുവല്ലയില്‍, പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അജിന് ജീവപര്യന്തം. 2019 മാര്‍ച്ച് 12 നാണ് കേസിനാണ് ആസ്പദമായ സംഭവം. പ്രതി അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം.

2019 മാര്‍ച്ച് മാസം 12 നാണ് തിരുവല്ല നഗരമദ്ധ്യത്തില്‍ വച്ച് പ്രതി അജിന്‍ റജി മാത്യു +2 വിന് ഒപ്പം പഠിച്ചിരുന്ന അയിരൂര്‍ സ്വദേശിനിയായ 19 വയസുള്ള കവിത കൈയ്യില്‍ കരുതിയ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കവിതയെ ഉന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രതി അജിന്‍ റജി മാത്യുവിനെ നാട്ടുകാര്‍ പിടികൂടി കൈയ്യും കാലും കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. 70% പൊളളലേറ്റ കവിത രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. നഗരമധ്യത്തില്‍ നടന്ന കൊലപാതകമായതിനാല്‍ സംഭവത്തിന് ഒട്ടേറെ ദൃക്‌സാക്ഷികളാണ് ഉണ്ടായിരുന്നു. പ്രതി തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍ നിന്നും മൂന്നു കുപ്പികളിലായി വാങ്ങിച്ച പെട്രോളിന് ഡിജിറ്റല്‍ പേമെന്റ്‌റിലൂടെ വില നല്‍കിയതിന്റെ രേഖകളും സി സി ടി ദൃശ്യങ്ങളടക്കം ശക്തമായ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്കെതിരെ ഉണ്ടായിരുന്നു.

ഇരു ഭാഗത്തിന്റെയും വാദം കേട്ട പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി ജി പി ജയകൃഷ്ണന്‍ ഈ മാസം നാലിന് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കേസ് വിധി പ്രഖ്യാപിച്ചു. ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയുമാണ് ഇയാള്‍്്ക്ക് ശിക്ഷയായി പ്രഖ്യാപിച്ചത്. ഈ തുക അടച്ചില്ലങ്കില്‍ തുകയ്ക്ക് ആനുപാതികമായ ശിക്ഷ കൂടി അനുഭവിക്കേണ്ടിവരും. ഭാവഭേദം ഒന്നുമില്ലാതെയാണ് പ്രതി വിധി കേട്ടത്. 5 ലക്ഷം രൂപ പ്രതിയുടെ സ്ഥാപര ജംഗമ വസ്തുക്കളില്‍ നിന്നും ഈടാക്കി മരണപ്പെട്ട കവിതയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി വിധിച്ചു. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും പക്ഷെ., ശിക്ഷയില്‍ സംതൃപ്തി യുണ്ടന്നും കവിതയുടെ മാതാപിതാക്കളായ ഉഷയും വിജയകുമാറും പറഞ്ഞു. എറണാകുളം സൗത്ത് സി ഐ പി.ആര്‍ സന്തോഷ് കുമാര്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.