N K Premachandran M P| ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ശബ്ദസന്ദേശം മരണമൊഴിയായി പരിഗണിക്കണം; ഭരണനേതൃത്വത്തിനെതിരെ നരഹത്യക്ക് കേസെടുക്കണം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

Jaihind News Bureau
Thursday, November 6, 2025

തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശിയായ ഓട്ടോറിക്ഷാ തൊഴിലാളി വേണുവിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതുമൂലം മരിച്ച സംഭവത്തില്‍, ഭരണനേതൃത്വം ഉള്‍പ്പെടെ ഉത്തരവാദികളായവരുടെ പേരില്‍ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യണം എന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വേണു നല്‍കിയ ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് ഹൃദ്രോഗ ചികിത്സ ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു. വിതരണം ചെയ്തവ തിരികെ കൊണ്ടുപോയ സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോടികള്‍ മുടക്കി ആഘോഷങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്ന സര്‍ക്കാരാണ് അടിയന്തിര ചികിത്സാ ഉപകരണങ്ങള്‍ക്ക് പണം നല്‍കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തിപാവപ്പെട്ടവരുടെ ചികിത്സയ്ക്ക് മുന്‍ഗണന നല്‍കാതെ പി.ആര്‍. പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാരിന്റെ ഭരണവൈകല്യത്തിന്റെ രക്തസാക്ഷിയാണ് ദളിത് യുവാവായ വേണു എന്നും എം.പി. പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ ചികിത്സാ ഉപകരണങ്ങളുടെ കുറവ് പുറത്തറിയിച്ച ഡോ. ഹാരിസിനെ മാനസിക രോഗചികിത്സാ കേന്ദ്രത്തില്‍ എത്തിക്കാന്‍ ശ്രമിച്ചതടക്കം ക്രൂരമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സംഭവത്തിലൂടെ, ഉപകരണങ്ങളുടെ കുറവ് പുറത്തുപറഞ്ഞാല്‍ സ്വന്തം ജോലിയും ജീവിതവും അപകടത്തിലാകുമെന്ന സന്ദേശമാണ് ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഉപകരണങ്ങളുടെ കുറവോ മറ്റ് ചികിത്സാ സാധനങ്ങളുടെ കുറവോ ഉണ്ടെങ്കില്‍ അത് രേഖാമൂലം ആവശ്യപ്പെടരുത് എന്ന വാക്കാലുള്ള നിര്‍ദ്ദേശം ഡോക്ടര്‍മാരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു.

കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രമായ ഒരു അന്വേഷണം നടത്തിയാല്‍ മാത്രമേ, വേണുവിന് ചികിത്സ നിഷേധിച്ചതിന് കാരണം ഡോക്ടറുടെ അനാസ്ഥയാണോ അതോ ഉപകരണങ്ങളുടെ അപര്യാപ്തതയാണോ എന്ന സത്യാവസ്ഥ കണ്ടെത്താന്‍ കഴിയൂ. സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ സാധൂകരിക്കുന്ന മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍മാരെപ്പോലുള്ളവരുടെ അന്വേഷണം കൊണ്ട് സത്യം പുറത്തുവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.