
ഹരിയാനയിലെ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ തെളിയിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി പുറത്തു വിട്ട ചിത്രം ഒരു ബ്രസീലിയന്‍ മോഡലിന്റേതായിരുന്നു. ഈ ചിത്രം 22 തവണ ഉപയോഗിച്ചുവെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. ഇതേസമയം , രാഹുല്‍ ഗാന്ധി പുറത്തു വിട്ട ചിത്രം തന്റേതു തന്നെയെന്ന് ബ്രസീലിയന്‍ മോഡലും ഇന്‍ഫ്ളുവന്‍സറുമായ ലാരിസ വ്യക്തമാക്കി.
ഈ ചിത്രം തന്റെ മോഡലിംഗ് കരിയറിന്റെ തുടക്കത്തില്‍ എടുത്ത ഒരു ഫോട്ടോയാണെന്നും വ്യക്തമാക്കി. തനിക്ക് ഇന്ത്യന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും ലാരിസ പറഞ്ഞു. തന്റെ ചിത്രം ഒരു പക്ഷേ ഏതെങ്കലും സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമില്‍ നിന്ന് വാങ്ങിയതായിരിക്കാമെന്നും തന്റെ അനുവാദമില്ലാതെയാണ് ഉപയോഗിച്ചതാണെന്നും അവര്‍ അറിയിച്ചു. ‘ഇത് ഞാന്‍ തന്നെയാണ് , പക്ഷേ, ഇതുവരെ ഇന്ത്യയില്‍ വന്നിട്ടു പോലുമില്ല,’ ലാരിസ ഒരു വീഡിയോയില്‍ പറഞ്ഞു. താനൊരു ബ്രസീലിയന്‍ ഡിജിറ്റല്‍ ഇന്‍ഫ്ലുവന്‍സറും ഹെയര്ഡ്രെസ്സറുമാണെന്നും ഇന്ത്യന്‍ ജനങ്ങളെ താന്‍ സ്നേഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനത്തിന് ശേഷം ചിത്രം വൈറലായതോടെ തന്റെ ഇന്‍സ്റ്റാഗ്രാം ഇന്ത്യന്‍ കമന്റുകള്‍ കൊണ്ട് നിറഞ്ഞു എന്നും ലാരിസ പറഞ്ഞു. പലരും തന്നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയായിരുന്നു. ‘എന്റെ ഇന്ത്യന്‍ ഫോളോവേഴ്സിന് എന്റെ ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം! എനിക്ക് ഇപ്പോള്‍ ധാരാളം ഇന്ത്യന്‍ ഫോളോവേഴ്സിനെ ലഭിച്ചിട്ടുണ്ട്. അവര്‍ വിശദീകരിച്ചു. ‘എങ്കിലും എന്റെ ഇന്‍സ്റ്റാ സ്റ്റോറികള്‍ കാണുകയും, വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയും, ചെയ്യുന്ന ഇന്ത്യക്കാരുടെയും ദയക്ക് ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ ഭാഷ എനിക്കറിയില്ല, പക്ഷേ ഞാന്‍ ആ സ്നേഹത്തോട് ആത്മാര്‍ത്ഥമായി കടപ്പെട്ടിരിക്കുന്നു,’ ലാരിസ പറഞ്ഞു. മറ്റൊരു വീഡിയോയില്‍, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ തന്റെ ചിത്രം ഉപയോഗിച്ചതിനെക്കുറിച്ച് പ്രതികരണം തേടി തന്നെ സമീപിക്കുന്നുണ്ടെന്നും ലാരിസ വെളിപ്പെടുത്തി.
വിനോദമെന്ന നിലയില്‍, ‘ചില ഇന്ത്യന്‍ വാക്കുകള്‍ പഠിക്കാന്‍’ താന്‍ ഉദ്ദേശിക്കുന്നുവെന്നും ലാരിസ പറഞ്ഞു. ‘എനിക്ക് ‘നമസ്തേ’ മാത്രമേ അറിയൂ. മറ്റ് വാക്കുകളൊന്നും എനിക്കറിയില്ല, പക്ഷേ ചിലത് പഠിക്കേണ്ടിവരും. അടുത്ത വീഡിയോയില്‍ ഞാന്‍ അവ ഉപയോഗിക്കും – ഉടന്‍ തന്നെ ഞാന്‍ ഇന്ത്യയില്‍ പ്രശസ്തയാകും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.