ട്രംപിന് കനത്ത പ്രഹരം: ‘ദേശീയ സുരക്ഷ’ വാദം ദുര്‍ബലം; പകരം തീരുവയില്‍ യുഎസ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Thursday, November 6, 2025

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിവിധ ലോക രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക വ്യാപാര തീരുവകള്‍ക്കെതിരെ യുഎസ് സുപ്രീംകോടതിയുടെ ശക്തമായ വിമര്‍ശനം. ട്രംപ് ഭരണകൂടം തീരുവ ചുമത്താന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിക്കാവുന്നതാണോ എന്നതില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ട്രംപ് ഭരണകൂടം പ്രധാനമായും 1962-ലെ വ്യാപാര വികാസ നിയമത്തിലെ സെക്ഷന്‍ 232 (Section 232 of the Trade Expansion Act) ആണ് തീരുവകള്‍ ഏര്‍പ്പെടുത്താന്‍ ഉപയോഗിച്ചത്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെങ്കില്‍ മാത്രം തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ നിയമം. ചൈന, കാനഡ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ സഖ്യകക്ഷികളില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കാണ് ഈ തീരുവകള്‍ പ്രധാനമായും ചുമത്തിയിരുന്നത്.

പ്രസിഡന്റ് അഡ്മിനിസ്ട്രേഷന് വേണ്ടി ഹാജരായ യു എസ് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സൗവര്‍, രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് പോകാതിരിക്കാനും വേണ്ടിയാണ് തീരുവ ഏര്‍പ്പെടുത്തിയതെന്ന് വാദിച്ചു. എന്നാല്‍, സാമ്പത്തികപരമായ തകര്‍ച്ച ഒഴിവാക്കാനുള്ള നടപടി, നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ ദേശീയ സുരക്ഷ എന്ന മാനദണ്ഡത്തിന് കീഴില്‍ വരുമോ എന്നതിലാണ് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചത്.

കേസില്‍ യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് നേരത്തെ തന്നെ ട്രംപിന്റെ തീരുവകള്‍ ചട്ടവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഈ കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ്. തീരുവകള്‍ ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിക്കുകയാണെങ്കില്‍, വാങ്ങിയ അധിക തീരുവ മുഴുവന്‍ ട്രംപ് ഭരണകൂടം തിരിച്ചുകൊടുക്കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം, കേസ് വാദം കേള്‍ക്കാന്‍ താന്‍ നേരിട്ട് എത്തുമെന്ന് ട്രംപ് നേരത്തേ പ്രസ്താവിച്ചിരുന്നെങ്കിലും, പിന്നീട് ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു.