
ബംഗളൂരു: സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബംഗളൂരു ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡി ജി.എസ്., താന്‍ നടത്തിയ കുറ്റകൃത്യത്തിന് ശേഷം സ്ത്രീകള്‍ക്ക് അയച്ച ഞെട്ടിക്കുന്ന സന്ദേശങ്ങള്‍ പുറത്ത്. ‘നിനക്കുവേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’ എന്നായിരുന്നു ആ സന്ദേശങ്ങളുടെ ഉള്ളടക്കം. ജനറല്‍ സര്‍ജനായ ഡോ. മഹേന്ദ്ര റെഡ്ഡി, അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് തന്റെ ഭാര്യയായ ഡെര്‍മറ്റോളജിസ്റ്റ് ഡോ. കൃതിക എം. റെഡ്ഡിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇയാളെ ഒക്ടോബറില്‍ അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, മഹേന്ദ്ര ഈ സന്ദേശങ്ങള്‍ അയച്ചത് പേയ്മെന്റ് ആപ്പായ PhonePeയുടെ ട്രാന്സാക്ഷന് നോട്ട്സ് വിഭാഗം ഉപയോഗിച്ചാണ്. സന്ദേശം ലഭിച്ചവരില്‍ തന്റെ വിവാഹാഭ്യര്‍ത്ഥന മുന്‍പ് നിരസിച്ച ഒരു മെഡിക്കല്‍ പ്രൊഫഷണലും ഉള്‍പ്പെടുന്നു. ഇയാളുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (FSL) പരിശോധിച്ചപ്പോഴാണ് ഈ സന്ദേശങ്ങള്‍ വെളിച്ചത്തുവന്നത്. ഭാര്യയുടെ മരണശേഷം പഴയ ബന്ധങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ മഹേന്ദ്ര തീവ്രമായി ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ചികിത്സയുടെ മറവില്‍ നടന്ന കൊലപാതകം:
വിക്ടോറിയ ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന മഹേന്ദ്രയും കൃതികയും 2024 മെയ് 26-നാണ് വിവാഹിതരായത്. എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പേ, 2025 ഏപ്രില്‍ 23-ന്, ആരോഗ്യപ്രശ്നങ്ങള്‍ കാരണം മാര്‍ത്തഹള്ളിയിലെ പിതാവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന കൃതിക കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മഹേന്ദ്ര കൃതികയെ സന്ദര്‍ശിക്കുകയും രണ്ട് ദിവസങ്ങളിലായി ഇന്‍ട്രാവീനസ് ഇന്‍ജക്ഷനുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇത് ചികിത്സയുടെ ഭാഗമാണെന്ന് അയാള്‍ അവകാശപ്പെട്ടു. പിന്നീട് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ആദ്യം സ്വാഭാവിക മരണമായി കണക്കാക്കി അസ്വാഭാവിക മരണ റിപ്പോര്‍ട്ടാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, കൃതികയുടെ സഹോദരി ഡോ. നിഖിത എം. റെഡ്ഡി സംശയം പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ആറ് മാസത്തിനുശേഷം, FSL റിപ്പോര്‍ട്ട് പുറത്തുവന്നു. കൃതികയുടെ ശരീരത്തിലെ വിവിധ അവയവങ്ങളില്‍ പ്രൊപോഫോള്‍ എന്ന അനസ്തേഷ്യ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. ഓപ്പറേഷന് തിയേറ്ററുകളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ഈ മരുന്ന് കൃതികയ്ക്ക് നല്‍കിയിരുന്നു എന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടു.
തുടര്‍ന്ന്, കേസ് ഭാരതീയ ന്യായ സംഹിത (BNS) 2023ലെ സെക്ഷന്‍ 103 പ്രകാരം കൊലപാതകമായി കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ഉഡുപ്പിയിലെ മണിപ്പാലിലേക്ക് താമസം മാറിയ മഹേന്ദ്രയെ അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡോക്ടറുടെ ക്രിമിനല്‍ പശ്ചാത്തലം:
മഹേന്ദ്രയുടെ കുടുംബത്തിന് ക്രിമിനല്‍ കേസുകളുടെ ചരിത്രമുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. ഇയാളുടെ ഇരട്ട സഹോദരന് ഡോ. നാഗേന്ദ്ര റെഡ്ഡി ജി.എസ്. 2018-ല്‍ നിരവധി തട്ടിപ്പ്, ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കൂടാതെ, മഹേന്ദ്രയും മറ്റൊരു സഹോദരനായ രാഘവ റെഡ്ഡി ജി.എസ്സും 2023-ലെ ഒരു ഭീഷണി കേസില്‍ സഹപ്രതികളായിരുന്നു. വിവാഹസമയത്ത് ഈ വിവരങ്ങള്‍ മറച്ചുവെച്ചതായി കൃതികയുടെ കുടുംബം ആരോപിക്കുന്നു. വിവാഹ ശേഷം കൃതികയ്ക്കായി മാതാപിതാക്കാള്‍ മൂന്നു കോടിയോളം വിലമതിക്കുന്ന വീട് നല്‍കിയിരുന്നു. ഈ വീട്ടില്‍ വ്ച്ചാണ് കൃതിക മരണത്തിനു കീഴടങ്ങിയത്. ഒരു ഡോക്ടര്‍ സ്വന്തം ഭാര്യയെ ചികിത്സയുടെ മറവില്‍ കൊലപ്പെടുത്തുകയും പിന്നീട് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തത് സമൂഹത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.