Thiruvalla| തിരുവല്ലയില്‍ യുവതിയെ തീ കൊളുത്തി കൊന്ന കേസ്: പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി വ്യാഴാഴ്ച

Jaihind News Bureau
Tuesday, November 4, 2025

തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. തിരുവല്ല കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യുവിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി മറ്റന്നാളായിരിക്കും പ്രഖ്യാപിക്കുക.

2019 മാര്‍ച്ച് പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന്, അജിന്‍ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 70 ശതമാനത്തില്‍ അധികം പൊള്ളലേറ്റ പെണ്‍കുട്ടി, രണ്ടുനാള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രതി അജിന്‍ റെജി മാത്യുവിന്റെ കൈ കാലുകള്‍ കെട്ടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

കേസില്‍ വളരെ മികച്ച രീതിയിലുള്ള അന്വേഷണമാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. മരണത്തിന് മുന്‍പ് യുവതി നല്‍കിയ നിര്‍ണ്ണായകമായ മൊഴി കേസില്‍ പ്രോസിക്യൂഷന് കരുത്തായി. ശക്തമായ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ അറിയിച്ചു.