
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ അവഗണിക്കപ്പെട്ടതില്‍ ജൂറിക്ക് രൂക്ഷ വിമര്‍ശനവുമായി ‘മാളികപ്പുറം’ ഉള്‍പ്പെടെയുള്ള സിനിമകളിലെ ബാലതാരം ദേവനന്ദ. ‘കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടല്ല മാറ്റങ്ങളുണ്ടാകേണ്ടത്’ എന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റാഗ്രാമിലാണ് ദേവനന്ദ കുറിപ്പ് പങ്കുവെച്ചത്.
ദേവനന്ദയുടെ വിമര്‍ശനം പ്രധാനമായും ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ പ്രസ്താവനകളെ കേന്ദ്രീകരിച്ചായിരുന്നു. ‘കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ടാണെന്ന് പറയരുത്’ എന്ന ശക്തമായ വാക്കുകളോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. 2024-ലെ മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കുട്ടികളുടെ ഒരു തലമുറക്ക് നേരെയാണ് കണ്ണടച്ചതെന്ന് ദേവനന്ദ ആരോപിച്ചു. സ്താനാര്‍ത്തി ശ്രീക്കുട്ടന്‍, ഗു, ഫീനിക്‌സ്, എആര്‍എം അടക്കമുള്ള സിനിമകളില്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അവാര്‍ഡ് നല്‍കാത്തത് അനീതിയാണ്. ‘രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജ്ജമായി മാറിയേനെ,’ ദേവനന്ദ ചൂണ്ടിക്കാട്ടി.
അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടല്ല മാറ്റങ്ങള്‍ ഉണ്ടാകേണ്ടതെന്നും മാറ്റങ്ങള്‍ക്കൊപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണമെന്നും ദേവനന്ദ ആവശ്യപ്പെട്ടു. എല്ലാ മാധ്യമങ്ങളും, സിനിമാ പ്രവര്‍ത്തകരും, പൊതുജനങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ദേവനന്ദ അഭ്യര്‍ഥിച്ചു. അവാര്‍ഡുകള്‍ നല്‍കാതെയിരുന്നിട്ടല്ല കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയാന്‍ ശ്രമിക്കേണ്ടതെന്നും ദേവനന്ദ കൂട്ടിച്ചേര്‍ത്തു.